കടയ്ക്കല്‍: നോട്ട് നിരോധനത്തെ തുടര്‍ന്ന് ആകെയുള്ള സമ്പാദ്യവും ജീവിതവും നഷ്ടപ്പെട്ട തട്ടുകടക്കാരന്‍ തലമുടി പാതി വടിച്ച് വ്യത്യസ്ത പ്രതിഷേധത്തില്‍. കടയ്ക്കല്‍ മുക്കുന്നം സ്വദേശി യഹിയയാണ് നോട്ട് കത്തിച്ചും പാതി മുടി വടിച്ചും പ്രതിഷേധിക്കുന്നത്. സമപ്രായക്കാര്‍ യഹിയെന്നും നാട്ടുകാര്‍ യഹി കാക്കയെന്നും വിളിക്കുന്ന യഹിയ (70) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനം അധികാരത്തില്‍നിന്ന് താഴെ ഇറക്കിയിട്ടേ മുടി വളര്‍ത്തൂ എന്ന പ്രതിജ്ഞയിലുമാണ്.
ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള യഹിയ തെങ്ങുകയറ്റവും പാടത്തെ പണിയുമൊക്കെയായാണ് ജീവിച്ചിരുന്നത്. മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫില്‍ പോയി. പഠിപ്പില്ലായിരുന്നതിനാല്‍ അവിടെ വിധിച്ചിരുന്നത് ആടുജീവിതമാണ്. മൃഗങ്ങള്‍ക്കൊപ്പം ഒരുപാട് കാലം കഴിച്ചുകൂട്ടി. ഗതിപിടിക്കാതെ വന്നപ്പോള്‍ നാട്ടിലേക്ക് തന്നെ മടങ്ങി.
കൈയിലുള്ള സമ്പാദ്യവും കടയ്ക്കല്‍ സഹകരണ ബാങ്കിലെ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. പുതിയൊരു ജീവിതമാര്‍ഗം കണ്ടത്തൊനാണ് മുക്കുന്നത്ത് ആര്‍.എം.എസ് എന്ന പേരില്‍ തട്ടുകട തുറന്നത്. ഗള്‍ഫില്‍ പോകുംമുമ്പ് ജോലിക്കുനിന്ന വീട്ടില്‍ പാചക ജോലിയും ചെയ്തിരുന്നതിനാല്‍ തട്ടുകട നടത്തിപ്പ് എളുപ്പമായി. കോഴിവെപ്പും വിളമ്പുമെല്ലാം യഹിയ ഒറ്റക്കാണ് ചെയ്യുന്നത്. അതുകൊണ്ട് വേഷം നൈറ്റിയാക്കി. നൈറ്റിയിട്ട ‘നൈറ്റുകടക്കാരന്‍െറ’ തമാശ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനുമായി വൈകീട്ട് അഞ്ചുമുതല്‍ അര്‍ധരാത്രി വരെ കടയില്‍ ആളുനിറഞ്ഞു. ഇതിനിടെ കട മുക്കുന്നത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി കച്ചവടം വിപുലപ്പെടുത്തി നീങ്ങുമ്പോഴാണ് നോട്ട് നിരോധനം വന്നത്.
യഹിയയുടെ കൈവശം ഉണ്ടായിരുന്നത് കച്ചവടം ചെയ്തുണ്ടാക്കിയ 23,000 രൂപ. എല്ലാം അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍. മാറ്റിയെടുക്കാന്‍ രണ്ടു ദിവസം ക്യൂവില്‍ നിന്നു. രണ്ടാംനാള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞുവീഴാറായപ്പോള്‍ കണ്ടുനിന്നവര്‍ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിലാക്കി. സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടല്ലാതെ ഒരു ബാങ്കിലും യഹിയക്ക് അക്കൗണ്ടുണ്ടായിരുന്നില്ല. സഹകരണ ബാങ്കിലാണെങ്കില്‍ ഇടപാട് നടത്താനുമാകുന്നില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് ആശുപത്രിയില്‍നിന്നിറങ്ങിയ ദിവസം പാതിരാവരെ പുകയൂതി ഉണ്ടാക്കിയ നോട്ടുകള്‍ അടുപ്പില്‍ തീ കൂട്ടി കത്തിച്ചത്. അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി കഷണ്ടിത്തലയില്‍ ഉണ്ടായിരുന്ന പാതി മുടിയും വടിച്ചിറക്കി. ‘ഒരു (മുന്‍) ചായ വില്‍പനക്കാരനോട് (?) ഒരു തട്ടുകടക്കാരന്‍െറ മന്‍കി ബാത്ത്’ എന്ന തലക്കെട്ടില്‍ ഈ പ്രതിഷേധം കേരള സര്‍വകലാശാല ചരിത്രാധ്യാപകന്‍ അഷ്റഫ് കടയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ യഹിയ താരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.