മരണാസന്നനായിട്ടും രക്ഷിക്കാന്‍ ആരും തയാറായില്ല; യുവാവിനെ അടിച്ചുകൊന്നു

തളിപ്പറമ്പ്: യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തെി. ബക്കളം സ്വദേശി മൊട്ടന്‍റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെ(38)യാണ് പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിന് സമീപത്തെ റോഡരികില്‍ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണ്.

ദേഹമാസകലം അടിയേറ്റ് ചോരവാര്‍ന്നും വലതു കൈയും ഇടതുകാലും  ഒടിഞ്ഞ നിലയിലുമായിരുന്നു. ഇരുകാലുകളും കൂട്ടിക്കെട്ടിയും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച നിലയിലുമായിരുന്നു മൃതദേഹം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇദ്ദേഹത്തെ ബക്കളത്തെ വീട്ടില്‍നിന്നും ഒരു സംഘം വിളിച്ചുകൊണ്ടുപോയതായി സൂചനയുണ്ട്. ഇവരുടെ അക്രമത്തിലാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.

മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിന് രാവിലെ ഏഴ് മണിവരെ ജീവനുണ്ടായതായി കരുതുന്നു. ഇദ്ദേഹത്തെ റോഡരികില്‍ കിടക്കുന്നതായി ആദ്യം കണ്ടത് പത്രവിതരണക്കാരാണെന്ന് പറയുന്നു. ഇവര്‍ മറ്റുള്ളവരെ വിവരമറിയിച്ചെങ്കിലും വന്നവരെല്ലാം ഇയാളാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലംവിടുകയായിരുന്നു.  ചെരിഞ്ഞ് കിടന്നിരുന്ന ഖാദര്‍ ഏഴുമണിയോടെ മലര്‍ന്നുകിടക്കുന്ന ഫോട്ടോയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാകാം മരിച്ചതെന്നാണ് കരുതുന്നത്.

ധര്‍മശാല പെട്രോള്‍ പമ്പിലും റോഡരികിലും രാത്രി നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മോഷണം നടത്തിയതിന് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വായാട് തോട്ടീക്കലില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ സീറ്റുകള്‍ കുത്തിക്കീറിയിരുന്നുവെന്നും പറയുന്നു. ബസിന്‍െറ ഉടമസ്ഥരില്‍ ഒരാള്‍ ഭാര്യയുടെ അകന്ന ബന്ധുവായതിനാലാണത്രെ നശിപ്പിച്ചത്.

വായാട്ടെ ഭാര്യവീടിനു സമീപം നിര്‍ത്തിയിടുന്ന ബസുകളുടെയും ഓട്ടോകളുടെയും സീറ്റുകള്‍ നശിപ്പിച്ചതിനും ഗ്ളാസുകള്‍ തകര്‍ത്തതിനും ഖാദറിനെതിരെ കേസുകളുണ്ട്. ഭാര്യവീട്ടുകാരോടുള്ള ദേഷ്യം കാരണം ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിവയെ ഭാര്യവീട്ടിലേക്ക് തെറ്റായ സന്ദേശം നല്‍കി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തുനിന്ന് ടാക്സികള്‍ വിളിച്ചുവരുത്തിയും കബളിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങളിലും ഒട്ടേറെ കളവു കേസുകളിലും ശിക്ഷയനുഭവിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തത്തെി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം വൈകീട്ടോടെ കുറ്റിക്കോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആയിഷയാണ് മാതാവ്. ഭാര്യ: ഷരീഫ. മക്കള്‍: നബീര്‍, നസീറ. സഹോദരങ്ങള്‍: സലാം(ബസ് ക്ളീനര്‍), സെറീന.

Tags:    
News Summary - man killed bakkalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.