മരുന്ന് വാങ്ങാൻ പോയ വയോധികൻ ലോറി ഇടിച്ച് മരിച്ചു

കരുമാല്ലൂർ (പറവൂർ): ആലുവ - പറവൂർ റോഡിൽ വെള്ളിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികനായ വയോധികൻ മരിച്ചു. തട്ടാംപടി മുക്കണ്ണി റോഡിൽ വാഴത്തോട് വീട്ടിൽ ചാത്തൻ മകൻ മോഹനൻ (69) ആണ് തൽക്ഷണം മരിച്ചത്.

കരുമാല്ലൂരിനും തട്ടാംപടിക്കും ഇടയിൽ ഷാപ്പുപടിയിൽ വെള്ളിയാഴ്ച രാവിലെ 8.15ന് ആയിരുന്നു അപകടം. മരുന്ന് വാങ്ങാൻ കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു മോഹനൻ. കളമശേരി ഏലൂരിൽ നിന്നും ക്രോംപ്ടൺ ഗ്രിവ്സിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി മലപ്പുറം വളാഞ്ചേരിയിലേക്ക് പോകുന്ന പാഴ്സൽ ലോറിയാണ് അപകടം വരുത്തിയത്. നിയന്ത്രണം വിട്ട ലോറി മോഹനനെ ഇടിച്ചിട്ടശേഷം തലയിലൂടെ കയറിയിറങ്ങി ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. വയോധികന്റെ തല തകർന്നു പോയി. സമീപത്തുണ്ടായിരുന്ന പഴം - പച്ചക്കറി ഉന്തുവണ്ടിയും തകർന്നു. ഈ പഴം - പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു മോഹനൻ.

ലോറി ഡ്രൈവർ തിരൂർ സ്വദേശി അമ്പലം വീട്ടിൽ ഷെരീഫിന് (42) നിസാര പരിക്കേറ്റു. ഇയാൾ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആലുവ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ലോറിയുടെ സ്റ്റിയറിങ് ബെൻഡ് ആയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു

മോഹനന്റെ മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ സംസ്ക്കരിക്കും. ഭാര്യ: രമണി. മക്കൾ: വിനു, വിനീത്, വിനിത. മരുമക്കൾ: അനിൽകുമാർ, മയൂരി.

Tags:    
News Summary - Man Killed In Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.