ഹരിപ്പാട്: വാക്കേറ്റത്തിനിടെ അയൽവാസിയുടെ വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് ശ്രീഹരിയിൽ സോമനാണ് (55) എയർഗണ്ണിൽനിന്നുള്ള വെടിയേറ്റ് മരിച്ചത്. അയൽവാസിയും വിമുക്തഭടനുമായ കുറവന്തറയിൽ പ്രസാദാണ് വെടിയുതിർത്തതെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ആറോടെ ഇവർ തമ്മിലുണ്ടായ വാക്കേറ്റം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. പ്രസാദ് ഒളിവിലാണ്. വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ സോമനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും എട്ടരയോടെ മരിച്ചു.
സോമനുമായി പ്രസാദും സഹോദരനും കഴിഞ്ഞ ദിവസങ്ങളിലും വാക്തർക്കവും സംഘർഷവും ഉണ്ടായിരുന്നതായി പറയുന്നു. എയർഗൺ ആണെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുമ്പും ക്വട്ടേഷൻ സംഘങ്ങളെവരെ ഉപയോഗിച്ച് സോമനും കുടുംബത്തിനും നേരെ അക്രമം ഉണ്ടായിട്ടുണ്ട്. തങ്ങളെ നിരന്തരം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന കാര്യം പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. സുമതിയാണ് സോമന്‍റെ ഭാര്യ. മകൾ: സംഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.