അഞ്ചാലുംമൂട്: കുടുംബവഴക്കിനിടെ ഭാര്യയെ കുത്തിപ്പരിക്കേല്‍പിച്ചയാള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സെന്റ് ജോസഫ് ഐലന്റില്‍ രേഷ്മ ഭവനില്‍ ജോസഫി(രാജു, 50)ന്റെ മരണമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
മരിച്ച ജോസഫിന്റെ മരുമക്കളായ കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്റ് ജോസഫ് ഐലന്റില്‍ ആന്റണി (27) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പിടിവലിക്കിടയില്‍ ജോസഫിനെ മരുമക്കള്‍ പിടിച്ചുതള്ളിയിരുന്നു. ഈ വീഴ്ചയില്‍ തല ഭിത്തിയിലിടിച്ചതോ അല്ലെങ്കിൽ വീണപ്പോള്‍ തലയിടിച്ചതിലുണ്ടായ ക്ഷതമോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യ എലിസബത്തുമായി തര്‍ക്കമുണ്ടാവുകയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. സംഭവം കണ്ടെത്തിയ ജോസഫിന്റെ മരുമക്കള്‍ ഇയാളെ പിടിച്ചുതള്ളി. ബോധരഹിതനായി വീണ ജോസഫിനെയും പരിക്കേറ്റ എലിസബത്തിനെയും മതിലിലെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജോസഫ് മരിച്ചു.
എലിസബത്ത് ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തുമെന്നും ഇവരെ തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. ജോസഫിന്‍റെ മക്കള്‍: രേഷ്മ, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച അരവിള പള്ളിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.