കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറിയുടമ മനാഫിനെതിരെ ചുമത്തിയ കേസ് ഒഴിവാക്കും. കുടുംബത്തിനെതിരെ ഉയർന്ന സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കുമെന്നും ചേവായൂർ പൊലീസ് ഇൻസ്പെക്ടർ സജീവൻ പറഞ്ഞു. തങ്ങൾക്കെതിരെ സഹിക്കാനാകാത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്. മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ പരിശോധിച്ചുവരുകയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കും. മനാഫിനെയും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെയും പ്രതിചേര്‍ത്തായിരുന്നു ആദ്യം പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരുന്നത്. സമൂഹമാധ്യമ പേജുകൾ പരിശോധിച്ചശേഷം മനാഫിന്റെ പോസ്റ്റുകൾക്കുകീഴിൽ അഭിപ്രായം നടത്തിയവരാണ് ചേരിതിരിവിനിടയാക്കുന്ന തരത്തിലേക്ക് സംഭവം വഷളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്.
മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ മനാഫ്, അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞു. കുടുംബത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിർത്തണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.