മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഒരാളുടെ മരണത്തിൽ കലാശിച്ച ആക്രമണം നടത്തിയത് കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച മോഴയാന. രാവിലെ ഏഴരയോടെയാണ് പയ്യമ്പള്ളിയിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ചാലിഗദ്ദ പനച്ചിയിൽ അജീഷ് അടക്കമുള്ളവരുടെ നേർക്ക് പാഞ്ഞടുത്തത്.
തൊഴിലാളികളെ വിളിക്കാൻ പോകുമ്പോഴാണ് അജീഷ് കാട്ടാനയുടെ മുമ്പിൽപ്പെട്ടത്. ആന വേഗത്തിൽ അടുത്തേക്ക് വരുന്നത് കണ്ട അജീഷും മറ്റുള്ളവരും പിന്തിരിഞ്ഞോടി. അയൽവാസിയായ കണ്ടത്തിൽ ജോമോന്‍റെ വീടിന്‍റെ മതിൽ അജീഷ് അടക്കമുള്ളവർ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.
ചാട്ടത്തിനിടെ അജീഷ് നിലത്ത് വീണു. ഈ സമയത്ത് വീടിന്‍റെ മതിൽ തകർത്ത് മുറ്റത്തെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അജീഷിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കർണാടക റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം കൃത്യമായി കണ്ടെത്താൻ കേരള വനം വകുപ്പ് അധികൃതർക്ക് സാധിക്കാത്തതാണ് ഒരാളുടെ മരണത്തിന് വഴിവെച്ചതെന്ന് പ്രദേശവാസികൾ അടക്കമുള്ളവർ ആരോപിക്കുന്നു. അജീഷിന്‍റെ മൃതദേഹമുള്ള മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിലും മാനന്തവാടി നഗരത്തിലും നാട്ടുകാർ പ്രതിഷേധിച്ചു. മാനന്തവാടി നഗരത്തിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.
കാട്ടാനെ സംബന്ധിച്ച നിർണായക വിവരങ്ങൾ കൈമാറുന്നതിൽ കർണാടക വീഴ്ച വരുത്തിയെന്ന് കേരള വനം മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു. ആനയെ ട്രാക്ക് ചെയ്യാനുള്ള ആന്‍റിനയും റിസീവറും കർണാടക വനം വകുപ്പ് കൈമാറിയില്ല. നിലവിൽ റേഡിയോ കോളർ ഐ.ഡി. ഉപയോഗിച്ചാണ് ആനയെ ട്രാക്ക് ചെയ്തിരുന്നത്. ഇത് കാരണം ആന നിൽക്കുന്ന കൃത്യ സ്ഥലം കണ്ടെത്താൻ എട്ട് മണിക്കൂർ വരെ താമസം ഉണ്ടാകാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.