കണ്ണൂര്‍: അടുത്ത കേരള സ്കൂള്‍ കലോത്സവത്തില്‍ ആദിവാസി കലാരൂപങ്ങളായ മംഗലംകളിയും വട്ടക്കളിയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഡി.പി.ഐ മോഹന്‍കുമാര്‍ അറിയിച്ചു. മാജിക്കും പുള്ളുവന്‍പാട്ടുംകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം മാനുവല്‍ പരിഷ്കരണ കമ്മിറ്റിയുടെ പരിഗണനയിലാണ്. 57ാമത് സംസ്ഥാന കലോത്സവത്തിന്‍െറ ഭാഗമായി മാധ്യമങ്ങളുടെ എഡിറ്റര്‍മാരുടെയും ബ്യൂറോ ചീഫുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലോത്സവ മാന്വല്‍ പരിഷ്കരിക്കാന്‍ 2008ല്‍ നിലവില്‍വന്ന കമ്മിറ്റി ഒരു മാസം മുമ്പ് യോഗംചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മാന്വല്‍ പരിഷ്കാരം ഈ വര്‍ഷം പൂര്‍ത്തിയാവാത്തതിനാല്‍ മംഗലംകളിയും വട്ടപ്പാട്ടും കണ്ണൂരിലെ കലോത്സവത്തിന്‍െറ സാംസ്കാരിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദിവാസികളിലെ മാവിലന്‍, മലവേട്ടുവന്‍ സമുദായങ്ങളില്‍ നിലവിലുള്ള കലാരൂപങ്ങളാണ് മംഗലംകളിയും വട്ടക്കളിയും. വിവാഹച്ചടങ്ങുകള്‍ക്ക് പകിട്ടുനല്‍കുന്ന മംഗലംകളി ഒപ്പനയോടും മാര്‍ഗംകളിയോടും സമാനതയുള്ള കലാരൂപമാണ്.
നിലവിലെ മാന്വല്‍ പരിഷ്കാരത്തിനായുള്ള പരിശോധന പൂര്‍ത്തിയായിട്ടില്ളെങ്കിലും വ്യാപകമായ മാറ്റം വേണമെന്ന അഭിപ്രായമാണ് വിദഗ്ധ സമിതിക്കുള്ളതെന്ന് പരിഷ്കരണ സമിതിയുടെ അധ്യക്ഷന്‍കൂടിയായ ഡി.പി.ഐ പറഞ്ഞു. വാദ്യമേള, ഗസല്‍ എന്നിവയുടെ നിയമാവലിയില്‍ കാതലായമാറ്റം വേണ്ടിവരും.
അപ്പീല്‍ നടപടികളുമായി ബന്ധപ്പെട്ടും ചില പരിഷ്കാരങ്ങള്‍ ഉണ്ടാകും. അടുത്തവര്‍ഷത്തെ കലോത്സവം പരിഷ്കരിച്ച മാന്വലിനനുസരിച്ചുതന്നെ നടത്തണമെന്നാണ് തീരുമാനമെന്നും ഡി.പി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.