മാണി സി. കാപ്പൻ പാലായിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.ജെ ജോസഫ്

കോട്ടയം: എന്‍.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പന്‍ അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ.ജോസഫ്. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ഥിയായി തന്നെ കാപ്പന് പാലായില്‍ മത്സരിക്കാമെന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസിന്‍റെ സീറ്റ് മാണി.സി കാപ്പന് വിട്ടുനല്‍കുമെന്നാണ് പി.ജെ ജോസഫ് ആവര്‍ത്തിച്ചത്.

അവസാനനിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ്.തിരിച്ചുപിടിക്കും. യു.ഡി.എഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണമെന്നും പി.ജെ.ജോസഫ് വിശദീകരിച്ചു.

ജോസ്.കെ മാണി ഇടതുമുന്നണിയിൽ പ്രവേശിക്കുന്ന സമയത്ത് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്നും പാലാ ചങ്കാണെന്നുമായിരുന്നു മാണി.സി കാപ്പന്‍ പറഞ്ഞത്. എൽ.ഡി.എഫ് ഇതേക്കുറിച്ച് വ്യക്തത വരുത്താൻ തയാറായിട്ടുമില്ല.

ജോസ്.കെ മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിന് പിന്നാലെ പാലാ സീറ്റ് വിട്ടു നല്‍കേണ്ടി വരുമോയെന്ന് എൻ.സി.പിക്ക് ആശങ്കയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകുമെന്ന് സംശയം നിലനിൽക്കെയാണ് പി.ജെ. ജോസഫിന്‍റെ പ്രസ്താവന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.