പാലാ: മുന്നണി മാറിയെത്തിയ മാണി സി.കാപ്പന് യു.ഡി.എഫ് നേതാക്കൾ നൽകിയത് ഉജ്ജ്വല സ്വീകരണം. കാപ്പൻ വരുന്നത് തലയെടുപ്പുള്ള ആനയെ പോലെയാണെന്നായിരുന്നു മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശേഷണം. 'നല്ല വലിപ്പമുള്ള കാപ്പൻ, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരു ആനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇതു വിജയത്തിെൻറ നാന്ദിയാണ്. ഇടതുമുന്നണി പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാൻ നോക്കി എന്ന കാപ്പെൻറ പരാതി ന്യായമാണ്.'
ഇടതുമുന്നണിയിൽനിന്ന് ധാരാളംപേർ യു.ഡി.എഫിലേക്ക് വരുന്നുണ്ട്. ഗുരുവായൂരിൽ വൻസംഘം വന്നു. തിരുവനന്തപുരത്തെത്തുമ്പോൾ ഇനിയും വരും. അടുത്തത് യു.ഡി.എഫിെൻറ ഭരണമാണ്. പൗരത്വനിയമം നടപ്പാക്കില്ല എന്നത് കോൺഗ്രസിെൻറ ദേശീയ നയമാണ്. അതു പിണറായി വിജയൻ പറഞ്ഞതിൽ സന്തോഷമുണ്ട്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിച്ചുനിർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'തിരുനക്കര കൊച്ചുകൊമ്പന്‍' എന്നാണ് പി.ജെ. ജോസഫ് കാപ്പനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ യു.ഡി.എഫില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്ത ആളായിരുന്നു ജോസഫ്. പ്രവർത്തകർ ഹർഷാരവത്തോടെയാണ് നേതാക്കളുടെ പരാമർശങ്ങൾ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.