ഇംഫാൽ: മണിപ്പൂരിലെ തമെങ്ലോങ് ജില്ലയിൽ ഇന്ധന ടാങ്കറുകൾക്കുനേരെ സായുധസംഘം നടത്തിയ വെടിവെപ്പിൽ ഡ്രൈവർക്ക് വെടിയേറ്റു. ഇംഫാലിനെയും സിൽചാറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 37ൽ കെയ്മെയ് ഗ്രാമത്തിലാണ് സംഭവം.
അജ്ഞാതരായ സായുധസംഘം മലമുകളിൽനിന്ന് ടാങ്കറുകൾ ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. രണ്ട് ടാങ്കറുകൾക്ക് കേടുപാടുകൾ പറ്റി ഇന്ധനം റോഡിലൊഴുകി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.
അതിനിടെ, കഴിഞ്ഞ ദിവസം മണിപ്പൂരിൽ രണ്ടു സായുധവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ ഈസ്റ്റിൽ കാങ്പോക്പിക്കു സമീപമാണ് സംഭവം. തെങ്നൗപൽ ജില്ലയിൽ വെള്ളിയാഴ്ച നടന്ന സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം മേയിൽ തുടങ്ങിയ മണിപ്പൂർ വംശീയ കലാപത്തിൽ ഇതിനകം 219 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
ഏപ്രിൽ 19 നും 26 നും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കൂടുതൽ കുക്കി സംഘടനകൾ ആഹ്വാനംചെയ്തു. ‘നീതിയില്ലെങ്കിൽ വോട്ടില്ല’ എന്നതാണ് ഇവരുടെ നിലപാട്. ബഹിഷ്കരണത്തിന്റെ ഭാഗമായി സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് കുക്കികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുക്കി നാഷനൽ അസംബ്ലി, കുക്കി ഇൻപി എന്നീ സംഘടനകളാണ് തെരഞ്ഞെടുപ്പിനോട് പുതുതായി മുഖം തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.