ന്യൂഡൽഹി: മണിപ്പൂർ വംശീയ കലാപം അവസാനിപ്പിക്കാനുള്ള ആവശ്യമായ ഇടപെടൽ ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിൽനിന്നുള്ള എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയത്തിൽ പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്ത് സർക്കാർ ഇടപെടലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് ടി.എൻ. പ്രതാപനും എൻ.കെ. പ്രേമചന്ദ്രനും ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവനും ജീവിതോപാധികളും നശിപ്പിച്ച, രണ്ടു മാസക്കാലമായി തുടർന്നുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ കലാപം നിയന്ത്രണവിധേയമാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി.
കലാപത്തിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഗൂഢാലോചന ഉണ്ടോ ? ഇരു ഗോത്രത്തിലെയും ചില പ്രത്യേക മതവിഭാഗത്തിന് എതിരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങൾ നടക്കുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും അടിയന്തര പ്രമേയ നോട്ടീസിൽ എം.പി ഉന്നയിച്ചു.
മണിപ്പൂർ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എ.എം ആരിഫ് നോട്ടീസ് നൽകിയത്.മണിപ്പൂരില്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മറ്റെല്ലാ കാര്യങ്ങളും നിര്‍ത്തി പാര്‍ലമെന്റ് മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. എം.പി. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്സഭയിലും പി.വി. അബ്ദുൽ വഹാബ് രാജ്യസഭയിലും നോട്ടീസ് നൽകി. മണിപ്പൂർ കലാപം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭയിൽ സി.പി.എം എം.പിമാരും നോട്ടീസ് നൽകി.
സി.പി.എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം, ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരാണ് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒരുപോലെ പരാജയപ്പെട്ട സാഹചര്യമാണ് മണിപ്പൂരിലെ പാടെ തകർന്ന ക്രമസമാധാന വ്യവസ്ഥ തുറന്നുകാട്ടുന്നതെന്നും ഇനിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വെറും പ്രസ്താവനകൾക്കപ്പുറത്ത് അതിശക്തമായ നടപടികൾ ഉണ്ടാവണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.