മഞ്ചേരി മെഡിക്കല്‍ കോളേജ്: 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം

തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ മെഡിക്കല്‍ കോളേജില്‍ നിന്നും ആദ്യ ബാച്ച് പഠിച്ചിറങ്ങിയ സമയത്ത് തന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിത്താനായി ഈ സര്‍ക്കാര്‍ നടത്തിയ വലിയ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനിമുതല്‍ ഓരോ അഡ്മിഷന് മുമ്പും എം.സി.ഐ. പരിശോധനകള്‍ ഉണ്ടാകില്ല. പകരം 5 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനകള്‍ നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുക.

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 2013ലാണ് കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയത്. കോളേജിന് മതിയായ സൗകര്യമില്ലാത്തതിനാല്‍ അംഗീകാരം നഷ്ടമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നയുടനെ എം.സി.ഐ. ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച് അംഗീകാരം നിലനിര്‍ത്തി. ഇതിനായി 10 തസ്തികകള്‍ സൃഷ്ടിച്ചു. അധ്യാപക ഒഴിവുകള്‍ പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷന്‍ വഴിയും നികത്തി. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ആലോചനകളുമുണ്ട്. ഇവയെല്ലാം കൂടി സജ്ജമാകുന്നതോടെ വലിയ സൗകര്യങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും.

Tags:    
News Summary - Manjeri Medical College MBBS Seat-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.