പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നാല് മാവോവാദികൾ, വെടിയേറ്റ് മരിച്ച സംഭവത്തിൽ ബാലിസ്റ്റിക് റിപ്പോർട്ട് താമസിപ്പിച്ച് സംസ്ഥാന സർക്കാർ. ഫോറൻസിക് സയൻസ് ലാബിൽനിന്ന് ലഭിക്കേണ്ട റിപ്പോർട്ട് ലഭ്യമല്ലാത്തതിനാൽ പാലക്കാട് ജില്ല കലക്ടർ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
േഫാറൻസിക് തെളിവെടുപ്പ് വൈകുന്നതിനാൽ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ അന്വേഷണവും ഇഴയുകയാണ്. 2019 ഒക്ടോബർ 28നും 29നുമാണ് മേലേ മഞ്ചിക്കണ്ടി വനത്തിൽ വെടിവെപ്പുണ്ടായത്. ആദ്യദിവസം മാവോവാദികളായ രമ, അരവിന്ദ്, കാർത്തി എന്നിവരും രണ്ടാംദിവസം മാവോവാദി നേതാവ് മണിവാസകവും തണ്ടർബോൾട്ട് സേനയുടെ വെടിയേറ്റ് മരിച്ചു.
ഏറ്റുമുട്ടലിലാണ് മാവോവാദികൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, വ്യാജ ഏറ്റുമുട്ടലാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ ആദ്യം പാലക്കാട് സെഷൻസ് കോടതിയിലും തുടർന്ന് ഹൈകോടതിയിലും ഹരജി നൽകി.
സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സെഷൻസ് കോടതി മേൽനോട്ടത്തിൽ വേണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഇതുപ്രകാരം വെടിവെപ്പിന് ഉപയോഗിച്ച തോക്കുകളും തിരകളും പൊലീസ്, കോടതിയിൽ ഹാജരാക്കി.
2019 നവംബർ ആറിനാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ, പാലക്കാട് ജില്ല കലക്ടറെ ചുമതലപ്പെടുത്തിയത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെങ്കിലും വെടിവെപ്പ് നടന്ന് ഒരു വർഷമാകാറായിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചിട്ടില്ല.
ബാലിസ്റ്റിക് അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. വെടിവെപ്പിന് ഉപയോഗിച്ച തിരയുമായും മറ്റും ബന്ധപ്പെട്ട് ഡി.എൻ.എ റിപ്പോർട്ടടക്കം ലഭ്യമാവാനുണ്ടെന്നും കാലതാമസമെടുക്കുമെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട മണിവാസകത്തിെൻറ ബന്ധുക്കൾ യു.എ.പി.എ കേസിൽ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ടതിനാൽ ഇവരുടെ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ കാര്യമായി മുന്നോട്ടുനീങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.