കൊച്ചി: മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ദേശീയപാത ആറുവരി പദ്ധതിയും കുതിരാനിലെ ഇരട്ട ടണൽ നിർമാണവും 2021 ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ഹൈകോടതി. ദേശീയപാതയുടെ വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണിമല എസ്റ്റേറ്റ് മാനേജർ ജോർജ് ഫിലിപ് നൽകിയ പൊതുതാൽപര്യഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
മണ്ണുത്തി-വടക്കഞ്ചേരി പാത ആറുവരിയാക്കുന്ന പദ്ധതിയുടെ കരാർ തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനി എടുത്തിട്ട് നാലുവർഷം കഴിഞ്ഞെങ്കിലും ഇനിയും പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കുതിരാനിലെ ടണലുകളുടെ നിർമാണം മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയിരിക്കുകയാണ്. മതിയായ ഫണ്ട് നൽകാത്തതിനാൽ നിർമാണം പല തവണ നിലച്ചതായും ഹരജിക്കാരൻ ആരോപിച്ചു. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും കരാർ കമ്പനി വിശദീകരണം നൽകി. കുതിരാനിലെ സമാന്തര ഇരട്ട ടണൽ 960 മീറ്റർ നീളമുള്ളതാണ്. ഒാരോ ടണലിലും മൂന്നുവരി പാതയാണ് ഒരുക്കുന്നത്. വനഭൂമി വിട്ടുകിട്ടാൻ വൈകിയത് നിർമാണത്തെ ബാധിച്ചു. 28.355ൽ 23.62 കി.മീ. ടാറിങ് പൂർത്തിയാക്കി. ഇനിയുള്ളത് 4.735 കി.മീ. മാത്രമാണ്.
വടക്കഞ്ചേരിയിൽനിന്നുള്ള ഇടതുഭാഗത്തെ ടണൽ നിർമാണം ഇൗ മാസം പൂർത്തിയാകും. ഏപ്രിലിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. വലതുഭാഗത്തെ ടണലിെൻറ ലൈനിങ് വർക്കുകൾ നടക്കുകയാണ്. വടക്കഞ്ചേരി, വഴുക്കുമ്പാറ, പട്ടിക്കാട് എന്നിവിടങ്ങളിൽ നിർമാണം ബാക്കിയുള്ളതായും കമ്പനി വിശദീകരിച്ചു. തുടർന്നാണ് ഒക്ടോബറിൽ പണി പൂർത്തിയാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.