കണ്ണൂർ: പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലക്ഷ്യമിട്ടത് സഹോദരൻ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസ്. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസിയാണ് ഷിനോസ്.
പ്രദേശത്ത് ഒാപൺ വോട്ടുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തിരുന്നു. ഇതിന് പ്രതികാരമായി ബൂത്ത് ഏജന്‍റ് കൂടിയായ മുഹ്സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ് സി.പി.എം പ്രവർത്തകർ അന്ന് രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്. മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. ബോംബേറിൽ മൻസൂറിന്‍റെ കാൽമുട്ടിന് താഴെ ചിന്നിച്ചിതറി. ഇതിൽനിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്.
സ്ഫോടന ശബ്ദംകേട്ട് അയൽവാസികളും മൻസൂറിന്‍റെ കുടുംബക്കാരും ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സംഘാംഗമായ ഷിനോസിനെ മുഹ്സിൻ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രാദേശിക സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണ് അക്രമികൾ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. കൊലപാതക കേസിൽ പ്രതിയായയാൾ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയുണ്ട്. 'മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്' എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. ഉച്ചയോടെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നുവെന്നും ഇതേക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു.
മൻസൂറിനെ കൊലെപ്പടുത്തിയതിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊലീസ് കമീഷണർ ഇളങ്കോ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കായി അന്വേഷണം നടക്കുകയാണെന്നും പത്തിലധികം ആളുകൾ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
െകാലപാതകം ആസൂത്രിതമാണെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രതികരിച്ചത്. എന്നാൽ, സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ലീഗിനാണെന്നും ആസൂത്രിത കൊലപാതകമല്ലെന്നും സി.പി.എം നേതാവ് എം.വി. ജയരാജൻ പ്രതികരിച്ചു. പ്രാദേശികമായ സംഘർഷമാണ് കൊലപാതകത്തിന് പിറകിലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞത്.
കൊലപാതകത്തെ തുടർന്ന് അക്രമസംഭവങ്ങൾ അരങ്ങേറിയ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ ഇന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സർവകക്ഷി സമാധാന ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.