കണ്ണൂർ: തന്നെ സി.പി.എം പുറത്താക്കിയതല്ലെന്നും സ്വയം മടുത്ത് പുറത്തുപോയതാണെന്നും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റിയംഗവുമായിരുന്ന മനു തോമസ്. കുറച്ച് നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിർജീവമായിരുന്നു മനു. 2023 ഏപ്രിലിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ല. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറയുന്നു.
'ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങൾ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകളിൽ നിന്ന് സംഭവിച്ചിട്ടുണ്ടെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. ഈ കാര്യങ്ങൾ തിരുത്തപ്പെടേണ്ടത്. ഈ ആവശ്യമാണ് ഞാൻ ഉന്നയിച്ചത്. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവരുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് നല്ല ബന്ധമുണ്ടായിരുന്നു. അവർ അതിനെ ദുരുപയോഗം ചെയ്തതാണ്. ഇന്നും ഇത്തരത്തിൽ പല സ്ഥലങ്ങളിലും പാർട്ടി ബന്ധം ദുരുപയോഗിക്കപ്പെടുന്നുണ്ട്.' -മനു തോമസ് പറഞ്ഞു.
'സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാട്ടി, യുവജന കമ്മിഷൻ അധ്യക്ഷൻ എം. ഷാജറിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. പ്രഹസനമായിരുന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ. ആകാശ് തില്ലങ്കേരിയുമായി സി.പി.എമ്മിലെ ചില നേതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ട്. ആ നേതാക്കൾ ഇപ്പോഴും പല കാര്യങ്ങൾക്കും അവരെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പാർട്ടിയുടെ തണലിൽ വളർന്നവർ പാർട്ടിക്കും മേലെയായി. പാർട്ടിക്ക് തിരുത്താൻ പരിമിതികളുണ്ട്. മനസ്സ് മടുത്താണ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വയം പുറത്ത് പോയതാണ്. തുറന്നു പറയാൻ ഒരു മടിയുമില്ല, എന്നും ഇടത് അനുഭാവിയായി തുടരും". മനു പറഞ്ഞു.
പാർട്ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം മനുവിനെ പല തവണ സമീപിച്ചതാണ്. എന്നാൽ അംഗത്വം പുതുക്കാതെ മനു ഒഴിയുകയായിരുന്നു. മനു അംഗത്വം പുതുക്കിയില്ലെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനും നേരത്തേ വ്യക്തമാക്കിയിരുന്നു. മനുവിന് പകരം സി.പി.എം ആലക്കോട് ഏരിയ സെക്രട്ടറി സാജൻ കെ. ജോസഫിനെയാണ് പാർട്ടി ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.