പാലക്കാട്: തെറ്റിദ്ധാരണജനകവും നിരോധിക്കപ്പെട്ടതുമായ പരസ്യം നൽകിയതിന് പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ 14 ഉൽപന്നങ്ങളുടെ നിർമാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി (എസ്.എൽ.എ) താൽക്കാലികമായി റദ്ദാക്കി. മലയാളി പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബു സമർപ്പിച്ച പരാതിയിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് റൂള്‍സ് 159(1) പ്രകാരമാണ് നടപടി. സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിയുടെയും ലൈസന്‍സ് റദ്ദാക്കി.
ഉൽപന്നങ്ങള്ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ ഏപ്രില്‍ 10ന് സുപ്രീംകോടതി അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസാരി അവലെ, മുക്തവതി എക്സ്ട്ര പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്ര പവർ, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്സ് എന്നീ ഉൽപന്നങ്ങളുടെ നിർമാണ ലൈസന്‍സാണ് റദ്ദാക്കിയത്.
ഉൽപന്നങ്ങളുടെ നിർമാണം അടിയന്തരമായി അവസാനിപ്പിക്കാനും നിർദേശിച്ചതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി ഡോ. കെ.വി. ബാബുവിനെ രേഖമൂലം അറിയിച്ചു.ലൈസൻസ് സസ്പെൻഡ് ചെയ്ത വിവരം ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി സത്യവാങ്മൂലത്തിൽ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
പതഞ്ജലി ആയുർവേദ് കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമെഡീസ് നിയമപ്രകാരം ഹരിദ്വാർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ നടപടിക്ക് ഹരജി നല്‍കിയിട്ടുണ്ടെന്നും എസ്.എൽ.എ അറിയിച്ചു.
രക്തസമ്മർദം, പ്രമേഹം, ഗ്ലൂക്കോമ, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള പരിഹാരമെന്ന തരത്തിൽ മാധ്യമങ്ങളിൽ തുടർച്ചയായി പ്രചാരണം നടത്തുന്നതിൽ അന്വേഷണം നടത്തി ഉചിത നടപടിക്കായാണ് ജനുവരി 15ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ആയുഷ് മന്ത്രാലയം വഴി ഉത്തരാഖണ്ഡിലെ ആയുർവേദ യൂനാനി ലൈസൻസിങ് അതോറിറ്റിയോട് നടപടി ആവശ്യപ്പെടുകയായിരുന്നു.
മാജിക് ആൻഡ് റെമഡീസ് ആക്ട് പ്രകാരം ചില അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനം ചെയ്തുമുള്ള പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആയുഷ് മന്ത്രാലയം ഡോ. ബാബുവിന്റെ പരാതിയിൽ നാലുതവണ ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. ഒടുവിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്. നിലവിൽ പതഞ്ജലിക്കെതിരെ ഐ.എം.എ നൽകിയ പരാതിയിലാണ് സുപ്രീംകോടതിയിൽ കേസ് നടക്കുന്നത്.
പാലക്കാട്: ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി നടപടിയെ സ്വാഗതം ചെയ്യുന്നതായി പരാതി നൽകിയ പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബു. നൂറിലധികം വിവരാവകാശ അപേക്ഷകൾക്കും പ്രധാനമന്ത്രിയുടെ ഓഫിസിലുൾപ്പെടെ നൽകിയ പരാതികൾക്കും ശേഷമാണ് നടപടി വന്നത്. ഈ അവസ്ഥ ദൗർഭാഗ്യകരമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.