തിരുവനന്തപുരം: ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിൽ സ്കൂളിലെത്താനാകാതെ നിരവധി വിദ്യാർഥികൾ. 10, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് വെള്ളിയാഴ്ച ക്ലാസുകൾ തുടങ്ങിയപ്പോൾ വടക്കൻ കേരളത്തിലും മലയോര മേഖലയിലും നിരവധി വിദ്യാർഥികൾക്ക് സ്കൂളുകളിലെത്താൻ പറ്റിയില്ല. പല ക്ലാസ് മുറികളിലും ക്രമീകരിച്ച എണ്ണം കുട്ടികളെത്തിയില്ല. കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്ക് യാത്ര ഇളവിനുള്ള പാസുകൾ ഇൗ വർഷം അനുവദിച്ചിട്ടില്ല. സർക്കാർ നിർദേശമില്ലാത്തതിനാൽ ഇന്നലെ യാത്ര ഇളവിനുള്ള അപേക്ഷയുമായി കെ.എസ്.ആർ.ടി.സി ഡിേപ്പാകളിലെത്തിയ വിദ്യാർഥികളെ മടക്കി അയച്ചതായും പരാതി ഉയർന്നിട്ടുണ്ട്. രക്ഷാകർത്താക്കൾക്ക് വാഹനമില്ലാത്ത കുട്ടികളും സ്കൂളുകളിലെത്താൻ ബുദ്ധിമുട്ടി.
കോവിഡ് സാഹചര്യത്തിൽ സ്കൂൾ ബസുകളുടെ സേവനവും പലർക്കും ലഭിച്ചില്ല. സ്കൂളിലെത്താൻ രക്ഷാകർത്താക്കളുടെ അനുമതിയും ചില വിദ്യാർഥികൾക്ക് തടസ്സമായി. രക്ഷാകർത്താക്കളുടെ അനുമതിേയാടെ മാത്രമാണ് സ്കൂളിലെത്താൻ സർക്കാർ അനുമതി നൽകിയിരുന്നത്. കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തി കുട്ടികളെ സ്കൂളിൽ വിടുന്നതിന് പല രക്ഷാകർത്താക്കളും തയാറായിട്ടില്ല.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പൂർണ തോതിൽ സർവിസ് തുടങ്ങാത്തതും ഗ്രാമീണ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ എത്തുന്നതിന് തടസ്സമായി. മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ സ്കൂളിലെത്താൻ കഴിയാത്തത് വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയോടെയാണ് കാണുന്നത്. ബസുകളിലെ യാത്ര ഇളവ്, മതിയായ ബസുകൾ സർവിസ് നടത്തുന്നത് തുടങ്ങിയവ ഗതാഗത വകുപ്പാണ് ഉറപ്പുവരുത്തേണ്ടത്. ഇതുസംബന്ധിച്ച് നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.