തലശ്ശേരി: കേരള-കർണാടക അതിർത്തിയിൽ ചൊവ്വാഴ്ച പിടിയിലായ മാവോവാദി നേതാക്കളെ തലശ്ശേരി ജില്ല സെഷൻസ് കോടതി ഡിസംബർ ഒമ്പതുവരെ റിമാൻഡ് ചെയ്തു.
മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറി ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക ശൃംഗേരി നെൻമാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തി (വിജയ്-47), സായുധസേന കബനിദളം അംഗം ചിക്മഗളൂരു ജെറേമന ഹള്ളുവള്ളിയിലെ സാവിത്രി (രജിത-33) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി പൊലീസ് ചാർജ് ചെയ്ത കേസുകളിൽ പ്രതികളായ ഇവരെ ബുധനാഴ്ച രാവിലെ പത്തരക്കാണ് കോടതിയിൽ ഹാജരാക്കിയത്. ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തെങ്കിലും സുരക്ഷ മുൻനിർത്തി പിന്നീട് തൃശൂർ വിയ്യൂർ അതിസുരക്ഷ ജയിലിലേക്ക് മാറ്റി.
കർണാടക ചാമരാജ് നഗർ ജില്ലയിലെ മഥൂർ വനം ചെക്ക്പോസ്റ്റിന് സമീപം ചൊവ്വാഴ്ച രാവിലെ 6.40 ഓടെയാണ് ഇരുവരെയും ഭീകരവിരുദ്ധ സേന (എ.ടി.എസ്) പിടികൂടിയത്. സാവിത്രി വേഷം മാറി സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിലൂടെ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മലപ്പുറം അരീക്കോട് എം.എസ്.പി ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഇരിട്ടി അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിലെ വീടുകളിൽ 2017 മാർച്ച് 20ന് രാത്രി ഏഴരക്ക് അതിക്രമിച്ചുകയറി തോക്കുചൂണ്ടി അരിയും സാധനങ്ങളും വാങ്ങി മാവോവാദി ലഘുലേഖ വിതരണം ചെയ്തുവെന്ന കേസിലാണ് കൃഷ്ണമൂർത്തിയുടെ അറസ്റ്റ്. മലമ്പുഴ ലത എന്ന അനു, സുന്ദരി എന്ന അനു, ലത എന്ന മുണ്ടഗാരു ലത എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരു പുരുഷനുമാണ് കേസിലെ മറ്റുപ്രതികൾ.
ആറളം ഫാം ബ്ലോക്ക് 13ലെ സുരേഷ് ബാബുവിെൻറ വീട്ടിൽ 2020 ഫെബ്രുവരി 24ന് രാത്രി എട്ടുമണിയോടെ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി അരിയും പച്ചക്കറിയും എടുത്തുകൊണ്ടുപോയ കേസിലെ നാലാം പ്രതിയാണ് പിടിയിലായ സാവിത്രി.
രണ്ടാംപ്രതി കമ്പംപതി ചൈതന്യ എന്ന സൂര്യയെ നേരത്തെ അറസ്റ്റ് ചെയ്തു. ലിജേഷ് എന്ന രാമു, കവിത എന്നിവരെ കൂടി പിടികിട്ടാനുണ്ട്. എ.ടി.എസ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബൈജു പൗലോസാണ് കേസന്വേഷിക്കുന്നത്.
ഒളിവിലുള്ള മാവോവാദികളെക്കുറിച്ചുള്ള വിവരം ശേഖരിക്കാനും ആയുധം കണ്ടെത്താനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എ.ടി.എസ് അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.