സംസ്ഥാനത്ത് വീണ്ടും മാവോവാദി വേട്ട. അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടു. കർണാടക ചിക്മഗളൂരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്നാട് സ്വദേശി കാർത്തിക് എന്നിവരാണ് മരിച്ചത്. ഒാടിരക്ഷപ്പെട്ടതിൽ ഒരാൾ കർണാടക സ്വദേശി മണിവാസകനാണെന്നാണ് സൂചന. ഏഴുപേരാണ് മാവോവാദി സംഘത്തിലുണ്ടായിരുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെ വനത്തിൽ പരിശോധനക്കിറങ്ങിയ തണ്ടർബോൾട്ട് സേനക്കുനേരെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരിച്ചും വെടിവെച്ചതോടെ സംഘം ചിതറിയോടി. അട്ടപ്പാടി താവളം-ഊട്ടി റോഡിൽ, പ്രധാന റോഡിൽനിന്ന് ഏഴു കിലോമീറ്ററകലെ മേലെ മഞ്ചിക്കണ്ടി ഊരിന് സമീപമാണ് സംഭവം. മലയിറങ്ങി വരുകയായിരുന്ന മാവോവാദികളും പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘവും നേർക്കുനേർ വന്നതോടെ പരസ്പരം വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം.
തണ്ടര്‍ബോള്‍ട്ട് അസി. കമാന്‍ഡൻറ് സോളമെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്. അരമണിക്കൂറോളം കാടിനുള്ളിൽനിന്ന് വെടിയൊച്ച കേെട്ടന്ന് ഉൗരുവാസികൾ പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തണ്ടർേബാൾട്ട് സംഘത്തിലെ ആർക്കെങ്കിലും പരിക്കേറ്റോയെന്നതടക്കമുള്ള വിശദാംശങ്ങൾ ലഭ്യമല്ല. പരിസരത്ത് പ്ലാസ്റ്റിക് കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡും എ.കെ 47 തോക്കും കണ്ടെത്തി.
തൃശൂർ റേഞ്ച് ഡി.െഎ.ജി സുരേന്ദ്രൻ, പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ട് ജി. ശിവവിക്രം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. മഞ്ചിക്കണ്ടിയിലും സമീപ ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കി. തണ്ടർബോൾട്ട് കമാൻഡർ ചൈത്രം തെരേസ ജോർജ് അട്ടപ്പാടിയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മൃതദേഹങ്ങൾ ഇന്ന് രാവിലെ ഒമ്പതിന് ഒറ്റപ്പാലം ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
മണ്ണാർക്കാട് േഫാറസ്റ്റ് ഡിവിഷനിലെ അഗളി റേഞ്ച് പരിധിയിലാണ് മഞ്ചിക്കണ്ടി വനം. അഗളി ടൗണിൽനിന്ന് 15 കിലോമീറ്ററോളം അകലെയാണിത്. കാട്ടിനുള്ളിൽ നാലുമാസത്തോളമായി മാവോവാദി സംഘം ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വനാതിർത്തി പങ്കിടുന്ന അട്ടപ്പാടിയിൽ അഞ്ചുവർഷം മുമ്പുതന്നെ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതാണ്.
2015 ജനുവരിയിൽ സൈലൻറ് വാലി റേഞ്ച് ഒാഫിസിനും വനംവകുപ്പ് ക്യാമ്പ് ഷെഡിനും നേരെ മാവോവാദി ആക്രമണം നടന്നിരുന്നു. സി.പി.െഎ (മാവോയിസ്റ്റ്) ഗ്രൂപ് കബനി, ഭവാനി എന്നീ ദളങ്ങളായാണ് അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നത്. കർണാടക സ്വദേശിനിയായ കന്യാകുമാരിയും ഭർത്താവ് വിക്രം ഗൗഡയുമായിരുന്നു ഇവിടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവർ കർണാടക പൊലീസിൽ കീഴടങ്ങിയിരുന്നു. നിലവിൽ വയനാട്ടിൽനിന്നുള്ള സോമൻ, ഝാർഖണ്ഡ് സ്വദേശിയായ ദീപക്, ചന്ദ്രു എന്നിവരടക്കമുള്ളവർ അട്ടപ്പാടിയിലുെണ്ടന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.