കേളകം (കണ്ണൂർ): ആറളം വനത്തിൽ വനംവകുപ്പ് വാച്ചർമാർക്കുനേരെ മാവോവാദികൾ വെടിയുതിർത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ ചാവച്ചിയിലാണ് വെടിവെപ്പ്. ആർക്കും പരിക്കില്ല. അമ്പലപ്പാറയിലെ ക്യാമ്പ് ഓഫിസിലേക്ക് ഭക്ഷണവുമായി പോയ അടക്കാത്തോട് വാളമുക്ക് സ്വദേശികളായ എബിൻ, സിജോ, ബോബസ് എന്നിവർക്കു നേരെയാണ് വെടിവെച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.20ഓടെയാണ് സംഭവം. രാമച്ചിയിലെ വനംവകുപ്പ് ക്യാമ്പ് ഷെഡിൽനിന്ന് 300 മീറ്റർ കടന്നതോടെയാണ് മാവോവാദി സംഘവും വനം വാച്ചർമാരും നേർക്കുനേരെ എത്തിയത്. സായുധരായ മാവോവാദി സംഘത്തെ കണ്ടതോടെ ഓടിയ വാച്ചർമാർക്കു നേരെയാണ് ഏഴു റൗണ്ട് വെടിയുതിർത്തതെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മാവോവാദി സംഘത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ചു പേരാണുണ്ടായിരുന്നത്.
ഓടുന്നതിനിടെ വീഴ്ചയിൽ വാച്ചർമാർക്ക് നേരിയ പരിക്കേറ്റതായി വനം അധികൃതർ പറഞ്ഞു. ഇവർ തിരികെ വളയഞ്ചാലിലെ ഫോറസ്റ്റ് ഓഫിസിൽ എത്തി വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലത തുടങ്ങിയ ഉന്നത പൊലീസ് സംഘം വളയഞ്ചാലിലെ ആറളം വനം ഓഫിസിലും കേളകത്തുമെത്തി. വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ച് തുടരന്വേഷണം നടത്തും. ദിവസങ്ങൾക്കു മുമ്പ് രാമച്ചിയിലെ കണക്കഞ്ചേരി സണ്ണിയുടെ വീട്ടിൽ അഞ്ചംഗ മാവോവാദി സംഘമെത്തിയിരുന്നു. ഈ സംഘമാണ് സമീപ സ്ഥലമായ വനത്തിൽ വനം വാച്ചർമാർക്കുനേരെ വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം.
രാമച്ചിയിലും സമീപ പ്രദേശങ്ങളിലും രാപ്പകൽ തണ്ടർബോൾട്ട് സേനയും വനമേഖലയിൽ നിരന്തരം ഹെലികോപ്ടർ നിരീക്ഷണവും നടത്തുന്നതിനിടെയാണ് മാവോവാദികൾ വനപാലകർക്കുനേരെ നിറയൊഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.