കണ്ണൂർ: ഇമ്പമാർന്ന ഇശലുകളിലൂടെ മലയാളികളെ മാപ്പിളപ്പാട്ടിന്‍റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിച്ച അനശ്വര മാപ്പിളപ്പാട്ട് കലാകാരനായിരുന്നു പീര്‍ മുഹമ്മദ്. കാഫ് മല കണ്ട പൂങ്കാറ്റിന്‍റെ സൗരഭ്യം നുകരാത്തവർ മലയാളക്കരയിൽ ഒരുപക്ഷേ, വളരെ കുറവായിരിക്കും. ഒട്ടകങ്ങള്‍ വരി വരിയായ്, കാരക്ക മരങ്ങൾ നിര നിര നിരയായ്... എന്ന് തുടങ്ങുന്ന പാട്ട് ഇന്നും മാപ്പിളപ്പാട്ട് വേദികളിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
പീർ മുഹമ്മദിന്‍റെ ഏറ്റവും ജനപ്രിയ ഗാനങ്ങളാണ് ഇവ. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തിൽ എത്തിച്ചേർന്ന പ്രതിഭയാണ് അദ്ദേഹം. ഏഴാം വയസ്സിൽ 'ജനതാ സംഗീത സഭ'യിലൂടെ മാപ്പിള പാട്ടിന്‍റെ ലോകത്ത് തുടക്കം കുറിച്ചു.
തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 33 വർഷം എച്ച്.എം.വിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാര്‍ഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം കേരളത്തിൽനിന്നും പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ൽ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ആയിരത്തോളം കാസറ്റുകളും പുറത്തിറക്കി. സംഗീതം പഠിച്ചിട്ടില്ലാത്ത പീർ മുഹമ്മദ് നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകി എന്നത് ഇന്നും കലാ ലോകത്തിന് അൽഭുതമാണ്. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. എന്നാൽ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീർ മുഹമ്മദിന്‍റെത്. അദ്ദേഹത്തിന്‍റെ പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.
കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, എ.വി മുഹമ്മദ് അവാർഡ്, ഒ. അബു ഫൗണ്ടേഷൻ അവാർഡ്, മുസ്‌ലിം കള്‍ച്ചറൽ സെന്‍റർ അവാർഡ്, ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിശ്വാസ വഴികളിലും ഇമ്പത്തിലും ഈണത്തിലും ഒക്കെ മധുരമൂറുന്ന ഒേട്ടറെ ഗാനങ്ങൾ നമുക്ക് സമ്മാനിച്ചാണ് 75ാം വയസിൽ പീർ മുഹമ്മദ് എന്ന അനശ്വര കലാകാരൻ നമ്മെ വിട്ട് പിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.