ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഔദ്യോഗിക ശുശ്രൂഷകളിൽനിന്നും വിരമിക്കുന്നു. സിറോ മലബാർ സഭയിൽ 50 വർഷം സേവനം അനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്തയായി 17 വർഷവും അതിരൂപതയുടെ സഹായമെത്രാനായി അഞ്ച് വർഷവും ശുശ്രൂഷ ചെയ്തു. 75 വയസ് വരെയാണ് മെത്രാന്മാരുടെ കാലയളവ്.
75 വയസ് തികഞ്ഞ അന്ന് തന്നെ പെരുന്തോട്ടം സിനഡിന് രാജിക്കത്ത് നൽകി. കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടക്കുന്ന സഭാ സിനഡിൽ അത് അംഗീകരിച്ച ശേഷം ഉടൻ പകരക്കാരനെ നിയമിക്കും. ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക പെരുന്തോട്ടത്തിൽ ജോസഫ്, അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയവനായി 1948 ജൂലൈ അഞ്ചിന് ജനിച്ചു. ബേബിച്ചൻ എന്നായിരുന്നു വിളിപ്പേര്.
ചങ്ങനാശ്ശേരി പാറേൽ സെന്റ് തോമസ് മൈനർ സെമിനാരി, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപഠനത്തിനു ശേഷം 1974 സിസംബർ 18 ന് മാർ ജോസഫ് പൗവ്വത്തിലിന്റെ നേതൃത്വത്തിൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കൈനകരി, പുളിങ്കുന്ന് പള്ളികളിൽ അസി.വികാരിയായി. അതിരൂപത മത ബോധന കേന്ദ്രമായ സന്ദേശ നിലയത്തിന്റെ ഡയറക്ടർ, ക്രിസ്ത്യൻ തൊഴിലാളി സംഘടനയുടെ ചാപ്ലയിൻ തുടങ്ങിയ നിലകളിൽ ശുശ്രൂഷ ചെയ്തു. 1983ൽ റോമിലെ ഗ്രിഗോറിയൻ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേർന്നു. സഭാചരിത്രത്തിലാണ് ഡോക്ടറേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.