പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.എ. ദേവസിയെ പ്രതിചേർക്കാൻ നിയമോപദേശം തേടി
കൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ അന്വേഷണം സി.പി.എം നേതാവും മരട് മുൻ പഞ്ചായത്ത് പ്രസിഡൻറുമായ കെ.എ. ദേവസിയിലേക്ക്. മരട് പഞ്ചായത്തായിരിക്കെ ദേവസി പ്രസിഡൻറ് പദവി വഹിച്ച കാലത്താണ് ഫ്ലാറ്റുകൾ നിർമിച്ചത്. ദേവസിയെ പ്രതിചേർക്കാൻ സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ (ഡി.ജി.പി) നിയമോപദേശം തേടിയതായി അറിയുന്നു. ഫ്ലാറ്റിന് അനുമതി നൽകിയതിൽ ദേവസിക്ക് നിർണായക പങ്കുണ്ടെന്ന വിജിലൻസ് കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോൾ സി.പി.എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയംഗം കൂടിയായ ദേവസി മരട് നഗരസഭ കൗൺസിലറാണ്. ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി ക്രൈംബ്രാഞ്ച് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ മാസം കത്ത് നൽകിയിരുന്നു. എന്നാൽ, സർക്കാർ തീരുമാനമെടുത്തില്ല. പാർട്ടി നേതാവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായതോടെയാണ് ഡി.ജി.പിയോട് നിയമോപദേശം തേടിയത്. എന്നാൽ, ഇക്കാര്യം ഡി.ജി.പി സ്ഥിരീകരിച്ചിട്ടില്ല. മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അശ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ്, യു.ഡി ക്ലർക്ക് ജയ്റാം നായിക്ക് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ നേരത്തേ പഞ്ചായത്ത് ഡയറക്ടർ അനുമതി നൽകിയിരുന്നു. നിയമങ്ങൾ ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകുക വഴി ഇവർ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നും നിർമാണാനുമതിയിൽ ദേവസിക്ക് സുപ്രധാന പങ്കുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.