കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പവും അനിശ്ചിതത്വവും തുടരുന്നു. ഒഴിയാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ നീട്ടിനൽകണമെന്ന ഉടമകളുടെ ആവശ്യം അധികൃതർ തള്ളി. മതിയായ താമസ സൗകര്യം ലഭിച്ചില്ലെങ്കിൽ ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ.
ഒഴിയാൻ 15 ദിവസം കൂടി വേണമെന്നാണ് ഉടമകളുടെ ആവശ്യം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഫ്ലാറ്റുകളുടെ വിവരങ്ങൾ ശേഖരിക്കാനെത്തിയ നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉടമകൾ പ്രതിഷേധിച്ചു. എന്നാൽ, സമയം നീട്ടിനൽകില്ലെന്നും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും സബ്കലക്ടർ സ്നേഹിൽകുമാർ സിങും മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാനും അറിയിച്ചു. താൽക്കാലികമായി പുനഃസ്ഥാപിച്ച വൈദ്യുതി, കുടിവെള്ള വിതരണം വ്യാഴാഴ്ച വൈകീട്ടോടെ വിച്ഛേദിക്കും. ഒഴിയാത്തവർക്കെതിരെ നിയമ നടപടിയുണ്ടാകും. താൽക്കാലിക പുനരധിവാസത്തിന് 94 പേർ മാത്രമാണ് അപേക്ഷിച്ചതെന്നും സബ് കലക്ടർ പറഞ്ഞു.
പകരം താമസസൗകര്യം ലഭ്യമാകാത്തതിനാൽ ഒഴിയാൻ കൂടുതൽ സമയം വേണമെന്നും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചാലും ഫ്ലാറ്റുകളിൽ തുടരുമെന്നുമാണ് ഉടമകൾ പറയുന്നത്. താമസസൗകര്യം ലഭിച്ചവർ മാറുന്നുണ്ട്. എന്നാൽ, അപേക്ഷിച്ച പലരുടെയും കാര്യത്തിൽ തീരുമാനമായില്ല. ചുരുങ്ങിയ ദിവസത്തിനകം പൂർണമായി ഒഴിയണമെന്ന് പറയുന്നത് പ്രായോഗികമല്ല. പുനരധിവാസത്തിന് നഗരസഭ 521 ഫ്ലാറ്റുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഇവയിൽ പലതിലും ഒഴിവില്ല. ഇതിനിടെ, ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പരിസരവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.