അടിമാലി: സർക്കാർ നൽകിയിരുന്ന പെൻഷൻ മുടങ്ങുകയും ജീവിക്കാൻ മറ്റ് മാർഗങ്ങളും ഇല്ലാതായതോടെ തെരുവിൽ ഭിക്ഷ യാചിച്ച സംഭവത്തിൽ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരുന്നൂറേക്കർ പൊന്നെടുക്കാൻപാറ മറിയക്കുട്ടി (87).
തനിക്ക് ഒന്നരയേക്കർ സ്ഥലമുണ്ടെന്നും രണ്ട് വാർക്ക വീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും വ്യാപക പ്രചാരണം ഉണ്ടായി. സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മന്നാങ്കണ്ടം വില്ലേജിൽനിന്ന് തന്റെ പേരിൽ സ്വത്തുക്കളില്ലെന്ന സക്ഷ്യപത്രം വാങ്ങിയ ശേഷമാണ് ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞു.
ജീവിക്കാൻ നിർവാഹമില്ലാതായതോടെ താനും പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) ചേർന്ന് അടിമാലി ടൗണിൽ ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. കഴുത്തിൽ തങ്ങൾ നേരിടുന്ന വിഷമതകൾ വിവരിച്ച് പ്ലക്കാർഡ് തൂക്കി കൈയിൽ പിച്ചച്ചട്ടിയും പിടിച്ച് ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി. ഇതിന്റെ പേരിൽ വലിയ എതിർപ്പ് നേരിട്ടു. വീടിനുനേരെ കല്ലേറുണ്ടായി.
ഇതാണ് കോടതിയെ സമീപിക്കാൻ കാരണം. ഒരാൾക്ക് അഞ്ച് മാസത്തിലേറെയായി വിധവ പെൻഷൻ മുടങ്ങിയിട്ട്. മറ്റൊരാൾക്ക് മൂന്നുവർഷത്തിലധികമായി ഈറ്റത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട്. ഇതോടെ ജീവിതമാർഗം അടഞ്ഞെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.