പത്തനംതിട്ട: മാർത്തോമ്മസഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് (89) മാത്തോമ്മ അന്തരിച്ചു. മാർത്തോമ്മസഭയുടെ 21ാമത് മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ 2.38ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. രോഗം കലശലായതിനെ തുടർന്ന് ഒക്ടോബർ 12ന് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപൊലീത്തയുടെ നേതൃത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.
2007 ഒക്ടോബർ രണ്ടിനാണ് സഭയുടെ മെത്രാപ്പോലീത്തയായി ജോസഫ് മാർത്തോമ്മ എന്ന പേരിൽ അദ്ദേഹം സ്ഥാനമേറ്റത്. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപാന്‍റെ കുടുംബമായ മാരാമൺ പാലക്കുന്നത്തു തറവാട്ടിൽ പി. ടി. ലൂക്കോസിെൻറയും മറിയാമ്മയുടെയും മകനായി 1931 ജൂൺ 27-ന് ജനനം. പി.ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.
1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ 21 ാ മനായി വാഴിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.