ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമം കൊണ്ടുവരും –മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ് ശാഖകള്‍ക്ക് കീഴില്‍ ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്നത് ശരിയാണ്. ഒരാളിലെ മനുഷ്യത്വം ഇല്ലാതാക്കും വിധത്തിലാണ് പരിശീലനങ്ങള്‍ നടക്കുന്നത്. ആക്രമണങ്ങളില്‍ മനുഷ്യരെ അതിക്രൂരമായി കൊല്ലുന്നത് ഇത്തരം പരിശീലനങ്ങളുടെ ഫലമായിട്ടാണെന്നും നിയമസഭയില്‍ ചോദ്യോത്തരവേളക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. വിശ്വാസികളുടെ കേന്ദ്രമായാണ് ആരാധനാലയങ്ങള്‍ മാറേണ്ടത്. വിശ്വാസികള്‍ക്ക് ഭയരഹിതമായി എത്താനുള്ള സ്ഥലമായി മാറ്റും. ചില ന്യൂനപക്ഷ വര്‍ഗീയതയും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നടവരവ് തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, പണം കൈവശപ്പെടുത്തല്‍, ആര്‍.എസ്.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവ നടക്കുന്നുണ്ട്. ജനാധിപത്യ സംവിധാനം അംഗീകരിക്കാത്ത സംഘടനയാണ് ആര്‍.എസ്.എസ്. സംഘടന വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നവരെയും എതിരഭിപ്രായമുള്ളവരെയും തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് വിഷ്ണു എന്ന യുവാവിന്‍െറ വെളിപ്പടുത്തലിലൂടെ പുറത്തുവന്നത്. ഫലപ്രദമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ ദലിതുകള്‍ക്കുനേരെ നടത്തുന്ന മനുഷ്യത്വരഹിത പ്രവൃത്തികള്‍ കേരളത്തിലും കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍െറ വിവാദ പ്രസംഗത്തിനെതിരെ എന്തു നിയമനടപടി സ്വീകരിക്കാമെന്നത് പരിശോധിക്കും. നേമത്ത് ദലിത് അധ്യാപികക്കെതിരെ നടന്ന ആക്രമണം, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗവേദിക്കരികെ നടന്ന ബോംബേറ് എന്നീ സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.

വര്‍ഗീതയുമായി സമരസപ്പെടുന്ന രീതിയാണ് കോണ്‍ഗ്രസിന്. എ.കെ. ആന്‍റണി താക്കീത് നല്‍കിയിട്ടും അവരത് തിരുത്തുന്നില്ല. വി.എം. സുധീരനും കുമ്മനം രാജശേഖരനും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ ഒരുമിച്ച് നില്‍ക്കുന്നു. മംഗളൂരുവില്‍ കാലുകുത്താനനുവദിക്കില്ളെന്ന ബി.ജെ.പി നേതാവിന്‍െറ ഭീഷണി കാലില്ലാത്തയാള്‍ ചാടിച്ചവിട്ടുമെന്നുപറയുന്ന പോലെയാണെന്നും ഇത്തം വീണ്‍വാക്കുകള്‍ കേരളജനത അംഗീകരിക്കില്ളെന്നും പിണറായി സഭയില്‍ പറഞ്ഞു.

Tags:    
News Summary - martial arts in pilgrim centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.