കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്​

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) സമൻസ്. ഈ മാസം 12ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം​. എന്നാൽ, അന്ന്​ ഹാജരാകാനാവില്ലെന്ന്​ തോമസ്​ ഐസക് വ്യക്തമാക്കി.

സമൻസ്​ ചോദ്യം ചെയ്ത്​ ഐസക്​ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന്​ നേരത്തേ നൽകിയ നോട്ടീസ്​ ഇ.ഡി പിൻവലിച്ചിരുന്നു. അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം അനുവദിക്കാതിരുന്ന സിംഗിൾ ബെഞ്ച്, വസ്തുതകളുമായി ബന്ധമില്ലാത്ത തരത്തിലോ വ്യക്തിവിവരങ്ങളോ അന്വേഷിക്കരുതെന്ന്​ നിർദേശിച്ചാണ്​ ഹരജി തീർപ്പാക്കിയത്​. മസാല ബോണ്ടിൽ ഇ.ഡി അന്വേഷണം തുടരണോ വേണ്ടയോ എന്നതൊന്നും പരിശോധിച്ചിട്ടില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഐസക്കിനെ ചോദ്യം ​ചെയ്യാൻ സാധിക്കാത്തതിനാൽ ഒന്നര വർഷമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. ഐസക് ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചതാണ് തടസ്സമായത്​. ഇദ്ദേഹത്തെ ചോദ്യം ചെയ്യാതെ അന്വേഷണം തുടരാൻ കഴിയില്ലെന്ന നിലപാടെടുത്താണ്​ വീണ്ടും സമൻസ്​ നൽകിയത്​.

2500 കോടിയാണ് മസാല ബോണ്ട് വഴി വിദേശത്തുനിന്ന് കിഫ്ബി സമാഹരിച്ചത്. അതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ഐസക്കിന്​ മാത്രമാണ് ഇപ്പോൾ സമൻസ് അയച്ചിട്ടുള്ളത്. കിഫ്ബി സി.ഇ.ഒ കെ.എം. അബ്രഹാം, ജോയന്‍റ്​ ഫണ്ട് മാനേജർ ആനി തോമസ് എന്നിവർക്ക് പിന്നീട് സമൻസ് അയക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് അറിയുന്നതെന്നും ഐസക്​ പ്രതികരിച്ചു. 12ന് സി.പി.എം സെക്രട്ടേറിയറ്റ് ഉള്ളതിനാൽ ഹാജരാകാനാകില്ലെന്നും വ്യക്തമാക്കി. തന്നെ അറിയിക്കും മുമ്പ്​ മാധ്യമങ്ങൾക്ക്​ വിവരം നൽകുന്ന രീതിയാണ് ഇ.ഡിയുടേത്. ഇതിന്‍റെയെല്ലാം ലക്ഷ്യം രാഷ്ട്രീയമാണെന്ന്​ വ്യക്തമാണ്​. ഇ.ഡിയുടെ വിളിയും കാത്ത് ഇരിക്കുകയല്ല ഞങ്ങൾ. സമയം തന്ന്​ വിളിക്കണം. ഇതെല്ലാം നിയമസഭ ചർച്ച ചെയ്ത കാര്യമാണെന്നും ഐസക്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Masala Bond Case; ED summons to Thomas Isaac again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.