തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം. വിവാദ കമ്പനിയിൽനിന്ന് മകൾ വീണ 1.72 കോടി രൂപ കൈപ്പറ്റിയ വിവരം പുറത്തുവന്നിട്ട് ആഴ്ചകൾക്കുശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
രണ്ട് കമ്പനികൾ തമ്മിലെ ഇടപാടാണെന്നും അതിൽ അസ്വാഭാവികതയില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ മകൾ വീണയെ ന്യായീകരിച്ച് മാസപ്പടി ആരോപണം തള്ളിയിരുന്നു.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിശദീകരണം തൃപ്തികരമല്ലെന്ന് ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയുടെ സംസ്ഥാന നേതൃയോഗത്തിൽ അഭിപ്രായം ഉയർന്നത് പ്രതിപക്ഷത്തിന് ബലമേകും. മുഖ്യമന്ത്രിക്ക് ലാളിത്യമില്ല, 50 കാറുകളുടെ അകമ്പടിയോടെയുള്ള യാത്ര അംഗീകരിക്കാനാവില്ല തുടങ്ങിയ വിമർശനങ്ങളും ഉയർന്നു.
സർക്കാറിൽ ക്വാറി-ഭൂമാഫിയക്ക് വലിയ സ്വാധീനമാണുള്ളത്. എല്ലാ കാര്യങ്ങളിലും മാധ്യമങ്ങളെ കുറ്റംപറഞ്ഞ് രക്ഷപ്പെടാനാകില്ല. ഈ നിലയിൽ പോയാൽ ലോക്സഭ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നേരിടും. മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത് പൗരപ്രമുഖന്മാരെയല്ല, സാധാരണക്കാരെയാണെന്നും അംഗങ്ങൾ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.