'ആസാദി കശ്മീർ' പരാമർശം: ജലീലിനെതിരെ സ്പീക്കർക്ക് കത്ത് നൽകി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: 'ആസാദി കശ്മീർ' പരാമർശത്തിൽ കെ.ടി. ജലീൽ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് മാത്യു കുഴൽനാടൻ എം.എൽ.എ കത്ത് നൽകി. നിയമസഭ സമിതിയുടെ ജമ്മു-കശ്മീർ പഠനപര്യടന വേളയിൽ രാജ്യത്തിന്‍റെ അഖണ്ഡതക്ക്​ വിരുദ്ധമായി ജലീൽ സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവന നിയമസഭക്ക്​ പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പ് ഉണ്ടാക്കി.

പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ 'താന്‍ ഉദ്ദേശിച്ചതിന്​ വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍നിന്ന്​ ഒഴിവാക്കുന്നു' എന്ന വിശദീകരണം ജലീൽ ആഗസ്റ്റ്​ 13ന്​ ഫേസ് ബുക്ക് പോസ്റ്റിലൂടെ നല്‍കി. എന്നാല്‍ ജമ്മു-കശ്മീര്‍ സംബന്ധിച്ച്​ ഭരണഘടനാവിരുദ്ധ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കാനോ നിലപാട് തിരുത്താനോ അദ്ദേഹം തയാറായില്ല.

ഇത്​ ഗൗരവം വർധിപ്പിക്കുന്നു. നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ 27, 49 എന്നിവക്ക്​ വിരുദ്ധമായി പ്രവര്‍ത്തിച്ച ഡോ.കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

ജലീൽ ഫേസ്ബുക്കിലെഴുതിയ യാത്രാ കുറിപ്പാണ് വിവാദത്തിലായിരുന്നത്. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. വിഭജന കാലത്ത് കശ്മീരി​നെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ സൂചിപ്പിച്ചിരുന്നു.

ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.

ആദ്യം പരാമർശത്തെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് വിഷയത്തിൽ സി.പി.എം ഇടപെട്ടതോടെ പോസ്റ്റിലെ വിവാദമായ വരികൾ ജലീൽ പിൻവലിച്ചിരുവന്നു.

Tags:    
News Summary - mathew kuzhalnadan letter to speaker against KT jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.