തിരുവനന്തപുരം: നിയമസഭയിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. താൻ പറഞ്ഞത് അസംബന്ധം ആണെങ്കിൽ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളെ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്. വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) ഡയറക്ടര്‍ ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
വീണ വിജയന്‍റെ ഐ.ടി കമ്പനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്‍നാടന്‍ വാർത്തസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് വെബ്സൈറ്റ് ലഭ്യമായത്. ശൈലി കൊണ്ട് വിരട്ടാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. പറഞ്ഞതിൽ ഉത്തമ ബോധ്യമുണ്ട്. വെബ്സൈറ്റിലെ വിവരങ്ങൾ നീക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പി.ഡബ്ല്യു.സി ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്‍റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണു നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചക്കിടെ കുഴൽനാടൻ ആരോപിച്ചത്. രാവിലെ വീണക്കെതിരായ ആരോപണങ്ങൾ മന്ത്രി മുഹമ്മദ് റിയാസും തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.