തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചെന്നും, താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കുഴല്‍നാടന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് കമ്പനി ഇത്രയും വലിയ തുക കൈമാറിയതെന്നും ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് കമ്പനി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഈ അഴിമതിപ്പണം മുഖ്യമന്ത്രിയുടെ മടിയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുബത്തിന്റെ ബാങ്ക് അക്കൗണ്ടിലോ ആണ് ഉളളതെന്നും കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്? കഴിഞ്ഞതവണ സഭയില്‍ സംസാരിക്കുമ്പോള്‍ തന്റെ മകളെ പറഞ്ഞാല്‍ താന്‍ കിടുങ്ങിപ്പോകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ആരോപിച്ച കാര്യം അക്ഷരാര്‍ഥത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ ഞാന്‍ തെളിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല, കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളും അവരുടെ പേരിലുള്ള കമ്പനിയും ചേര്‍ന്ന് ആലപ്പുഴയിലെ തീരദേശം കൊള്ളയടിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ പക്കല്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്ന കണ്ടെത്തലിന് മറുപടി നല്‍കിയത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ്.കൊടുത്ത സേവനത്തിന് നല്‍കിയ പണമാണെന്നാണ് സി.പി.എം പറയുന്നത്. എന്നാല്‍ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കര്‍ത്ത തന്നെ പറയുന്നു. ഇതുപോലൊരു സംഭവമുണ്ടായിട്ട് പാര്‍ട്ടിക്കുള്ളില്‍ ഇതിനേക്കുറിച്ച് പറയാന്‍ ഒരു നേതാവുപോലും ഇല്ലെന്ന് സങ്കടപ്പെടുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുണ്ട്, കുഴല്‍നാടന്‍ പറഞ്ഞു.
സഭയില്‍ അംഗമില്ലാത്ത ഒരാളെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യം ആവര്‍ത്തിക്കുകയാണ് മാത്യു കുഴൽനാടന്‍ ചെയ്യുന്നതെന്ന് മറുപടിയായി എം.ബി. രാജേഷ് പറഞ്ഞു. ഇദ്ദേഹത്തിന്റെ സില്‍ബന്തികളും അനുയായികളും കോടതിയില്‍ പോയിട്ട് കോടതി വലിച്ചുകീറി ചവറ്റുകൊട്ടയിലിട്ടതാണ്. ഒരു ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നിലനിര്‍ത്തിയതിലെ ധാര്‍ഷ്ട്യത്തില്‍ ഈ സഭാതലത്തെ ദുരുപയോഗം ചെയ്യുകയാണ് പ്രതിപക്ഷം രാവിലെ മുതല്‍ ചെയ്യുന്നത്. ആ പരാമര്‍ശങ്ങളില്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണം. മാധ്യമങ്ങളുടെ തലക്കെട്ടിന് വേണ്ടിയാണ് വസ്തുതാവിരുദ്ധമായ കള്ളങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു കാര്യവും സഭാരേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.