Mathew Kuzhalnadan, veena vijayan, Pinarayi Vijayan

‘വീണക്ക് സി.എം.ആർ.എൽ കോടികൾ വെറുതെ നൽകിയതല്ല; സേവനം ചെയ്തു കൊടുത്തത് മുഖ്യമന്ത്രി’; പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ

കോഴിക്കോട്: വിവാദമായ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി അടക്കമുള്ളവരെ പ്രതി ചേർത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്.എഫ്‌.ഐ.ഒ) നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. സി.എം.ആർ.എൽ കോടികൾ വീണക്ക് വെറുതെ നൽകിയതല്ലെന്നും ഇതിന് വേണ്ട സേവനം ചെയ്തു കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.

ഈ കാര്യമാണ് താൻ പറഞ്ഞു കൊണ്ടിരിക്കുന്നതും തെളിയിക്കാൻ പരിശ്രമിക്കുന്നതും. പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ അടക്കമുള്ളവരെ പ്രതി ചേർത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്.എഫ്‌.ഐ.ഒ) പ്രോസിക്യൂഷൻ നടപടിക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. വീണ അടക്കമുള്ളവരെ പ്രതി ചേർത്ത എസ്.എഫ്‌.ഐ.ഒ കുറ്റപത്രമാണ് വാർത്താ ചാനൽ പുറത്തുവിട്ടത്.

വീണയെ കൂടാതെ എക്സാലോജിക്കും ശശിധരൻ കർത്തയും സി.എം.ആർ.എല്ലും സഹോദര സ്ഥാപനവും കേസിൽ പ്രതികളാണ്. സേവനം നൽകാതെ വീണ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്‌.ഐ.ഒയുടെ കണ്ടെത്തൽ. പ്രതികൾക്കെതിരെ ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, വെട്ടിപ്പ് നടത്തിയ തുകയോ അതിന്‍റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.

മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, സി.എം.ആർ.എൽ സി.ജി.എം (ഫിനാൻസ്) പി. സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയത്. വീണക്കും ശശിധരൻ കർത്തക്കും എക്സലോജിക്കിനും സി.എം.ആർ.എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 പ്രകാരമാണ് കുറ്റം ചുമത്തിയത്.

മുഖ്യമന്ത്രിയുടെ മകൾ വീണക്കും വീണ‍യുെട സ്ഥാപനമായ എക്സലോജിക്കിനും സേവനം നൽകാതെ 2.70 കോടി രൂപയാണ് സി.എം.ആർ.എൽ, എംപവർ ഇന്ത്യ എന്നീ കമ്പനികളിൽ നിന്നും അനധികൃതമായി ലഭിച്ചത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാർ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എം.എൽ.എയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും നൽകിയ ഹരജികൾ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.

നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം തളളിയിരുന്നു. തുടർന്ന് റിവിഷൻ ഹരജി നൽകുകയായിരുന്നു. എന്നാൽ, ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമാണെന്ന് ഹൈകോടതി പറഞ്ഞു.

പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയായിരുന്നു മാത്യു കുഴൽനാടന്‍റെ ഹരജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നായിരുന്നു വാദം. വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, വീണ വിജയനെ രാഷ്ട്രീയ വിരോധം മൂലം കേസിലേക്ക് വലിച്ചിഴച്ചതാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ 185 കോടിയുടെ അഴിമതി നടന്നെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എസ്.എഫ്‌.ഐ.ഒ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച വാദത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അഴിമതി കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Mathew Kuzhalnadan react to veena vijayan's CMRL Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.