കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. കേന്ദ്ര അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിൽ സി.പി.എമ്മും വ്യവസായ മന്ത്രി പി. രാജീവും പ്രതികരിക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു.
വീണ വിജയനെതിരെ സാമ്പത്തിക ആരോപണം ഉയർന്നപ്പോൾ എല്ലാ ഇടപാടുകളും നിയമപരമായിരുന്നുവെന്ന നിലപാടാണ് സി.പി.എം സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതിനാൽ, കേന്ദ്ര അന്വേഷണം സംബന്ധിച്ച് സി.പി.എം പ്രതികരിക്കണം. വീണ വിജയന്‍റേത് കടലാസ് കമ്പനിയെന്നും അദ്ദേഹം ആരോപിച്ചു.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. അനധികൃത ഇടപാടിന് സംസ്ഥാന വ്യവസായ വകുപ്പ് കൂട്ടുനിന്നു. ഇക്കാര്യത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
ചെയ്യാത്ത സേവനത്തിന് കരിമണൽ കമ്പനിയിൽ നിന്ന് പണം കൈപറ്റിയെന്നാണ് നിലവിലെ കണ്ടെത്തൽ. ഈ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മകളോ കമ്പനിയായ എക്സാലോജിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി.പി.എമ്മിന് പകരം വീണ മറുപടി പറയേണ്ട സാഹചര്യം വന്നെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ അന്വേഷണത്തെ അമിത ആവേശത്തോടെ കാണുന്നില്ല. സ്വർണക്കടത്ത് കേസ് കേന്ദ്രം സത്യസന്ധമായി അന്വേഷിച്ചില്ല. ഇപ്പോഴത്തെ അന്വേഷണത്തിൽ കൂടുതൽ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷ. ആത്യന്തികമായി കോടതിയിലാണ് വിശ്വാസമെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണക്ക് പണം ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം.
സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്ന് കമ്പനികളുടെ ഇടപാടുകൾ വിശദമായി അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. മൂന്നംഗ സംഘമാണ് കേസിൽ അന്വേഷണം നടത്തുക. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബി.എസ്, പോണ്ടിച്ചേരി ആർ.ഒ.സി എ. ഗോകുൽനാഥ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കരനാരായണൻ എന്നിവർക്കാണ് അന്വേഷണ ചുമതല.
ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് പ്രതിഫലം നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ളവർ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.