മാവേലിക്കര: ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ മദ്യലഹരിയിൽ അതിക്രമം കാണിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചേപ്പാട് പരിമണം മുറി പതിനഞ്ചിൽ ചിറയിൽ ഷിബു മോനച്ചനെയാണ് (46) മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19ന് രാത്രി 8.30നായിരുന്നു സംഭവം. പന്തളത്ത് സുഹൃത്തിന്‍റെ വീട്ടിൽ െവച്ച് നായ് കടിച്ചതിനെ തുടർന്നാണ് ഇയാൾ മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിൽ മരിച്ച നിലയിലെത്തിച്ച യുവാവിന്‍റെ മൃതശരീരം പരിശോധിക്കുന്ന തിരക്കിലായിരുന്ന വനിത ഡോക്ടറെയും നഴ്സുമാരെയും ചികിത്സ വൈകുന്നതായി ആരോപിച്ച് അസഭ്യം വിളിക്കുകയും ആക്ഷേപിക്കുകയുമായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗം മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ മുകേഷിനെ ഇയാൾ ക്രൂരമായി മർദിച്ചു.
തുടർന്ന് ആശുപത്രി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസ് എത്തിയപ്പോഴേക്കും കടന്നു കളയുകയുമായിരുന്നു. ഒ.പി. ടിക്കറ്റിലെ ഫോൺ നമ്പർ െവച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് വെള്ളിയാഴ്ച രാവിലെ കരിപ്പുഴയിൽനിന്നും അറസ്റ്റ് ചെയ്തത്.
ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരമായിരുന്നു അറസ്റ്റ്. മാവേലിക്കര എസ്.ഐ ഇ.നൗഷാദ്, സി.പ്രഹ്ലാദൻ, എസ്.സി.പി.ഒ മാരായ ആർ. വിനോദ് കുമാർ, ലിമു മാത്യു, പ്രതാപചന്ദ്ര മേനോൻ, എസ്. ശ്രീജിത്ത് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാവേലിക്കര ജില്ല ആശുപത്രിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.