തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ കുരുക്ക് മുറുക്കി പൊലീസ്. തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചെന്ന മേയർ ആര്യാ രാജേന്ദ്രന്‍റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഞായാറാഴ്ച രാത്രി സംഭവം നടന്ന പട്ടം പ്ലാമൂട് മുതൽ പി.എം.ജി വരെ ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്‍റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവം നടന്ന അതേസമയം തന്നെ തെരഞ്ഞെടുത്തായിരുന്നു പരിശോധന. ഇതുസംബന്ധിച്ച കുറ്റപത്രം ഉടൻ പൊലീസ് കോടതിയിൽ സമർപ്പിക്കും. യദുവിനെതിരെ നൽകിയ പരാതിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മേയർ ആര്യ നേരത്തേ രഹസ്യമൊഴി നൽകിയിരുന്നു. ആദ്യം കന്‍റോൺമെന്‍റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.
അതേസമയം, തർക്കത്തിനിടെ മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവ് ബസിനുള്ളിൽ കയറിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സച്ചിൻദേവ് ബസിൽ കയറിയെന്നും ബസ് പൊലീസ്സ്റ്റേഷനിലേക്ക് പോകാൻ എം.എൽ.എ ആവശ്യപ്പെട്ടെന്നുമാണ് ബസിലെ യാത്രക്കാർ നൽകിയ മൊഴി. എം.എൽ.എ ബസിൽ കയറിയ വിവരം കണ്ടക്‌ടർ ട്രിപ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവിസ് തടസ്സപ്പെട്ടതിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എം.എൽ.എ ബസിൽ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെ.എസ്.ആർ.ടി.സിയിൽനിന്നും പൊലീസ് ശേഖരിച്ചു. ഏപ്രിൽ 27ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും യദുവും തമ്മിൽ നടുറോഡിൽ വെച്ചാണ് വാക്‌പോരുണ്ടായത്.
അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന ഹരജി തള്ളി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി തള്ളി. പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും പ്രാഥമിക ഘട്ടത്തിൽ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്.
കോടതി മേൽനോട്ടം ആവശ്യപ്പെട്ട് ഡ്രൈവർ യദുവാണ്ഹരജി നൽകിയത്. കേസിലെ പ്രതികൾ മേയറും എം.എൽ.എയുമാണ്. ഇതുകാരണം അന്വേഷണം ശരിയായി നടക്കില്ല, ഇതിന് തെളിവാണ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.