'വിശപ്പിന്റെ റിപ്പബ്ലിക്; ഇതാണോ മോദി പറഞ്ഞ അച്ഛേ ദിൻ'

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വിവരിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിശപ്പിന്റെ റിപ്പബ്ലിക്ക് എന്ന പേരിലെ കുറിപ്പില്‍, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ദരിദ്ര ആഫ്രിക്കന്‍ രാജ്യമായ സുഡാനൊപ്പമാണെന്നും, എത്യോപ്യക്കും കെനിയക്കും അംഗോളക്കും വരെ പിന്നിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അഛേ ദിന്‍ വന്നില്ലെന്നു മാത്രം പറയരുതെന്ന് ലോക്ക്ഡൗണ്‍ കാലത്ത് മുകേഷ് അംബാനിയുടെ സ്വത്ത് പെരുകിയത് മണിക്കൂറില്‍ 90 കോടിയാണെന്ന് ചൂണ്ടിക്കാട്ടി എം.ബി രാജേഷ് പരിഹസിക്കുന്നു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

വിശപ്പിന്റെ റിപ്പബ്ലിക്ക്

ഇതാണോ അഛേദിൻ? ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് 94-ാം റാങ്ക്. ദരിദ്ര ആഫ്രിക്കൻ രാജ്യമായ സുഡാനൊപ്പം സ്ഥാനം. സോമാലിയയുടെ സ്ഥാനം വ്യക്തമല്ല. എന്തായാലും എത്യോപ്യക്കും കെനിയക്കും അംഗോളക്കും വരെ പിന്നിലാണിന്ത്യ.. പോരാത്തതിന് പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക എന്നീ അയൽക്കാരേക്കാൾ മോശം റാങ്ക്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ അഫ്ഗാനിസ്ഥാനൊപ്പമാണ് ഇന്ത്യയെന്ന ഓക്സ് ഫാം റിപ്പോർട്ടിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ എഴുതിയിരുന്നല്ലോ. അതിൽ അഫ്ഗാനിസ്ഥാനൊപ്പം. ഇതിൽ സുഡാനൊപ്പം. മോദി വാഴ്ചയിൽ ഇന്ത്യ വളർന്ന് വൻശക്തിയാവുകയാണ്. സംശയമുണ്ടോ? ആ രണ്ടു രാജ്യങ്ങളും മത രാഷ്ട്ര വാദത്തിൻ്റേയും വംശീയ കലാപങ്ങളുടെ ഭീകരത നേരിട്ടവയാണെന്നു കൂടി മറക്കരുത്. മത-വംശീയ രാഷ്ട്രീയം എവിടെയായാലും ജനങ്ങളെ പട്ടിണിയിലേക്കും വറുതിയിലേക്കുമാണ് കൊണ്ടു പോവുക.

മോദി ഭരണത്തിന്റെ  മുൻഗണനകളിലും പട്ടിണിയും ദാരിദ്രവുമൊന്നുമില്ല.2015- 16ലെ കേന്ദ്ര സർക്കാരിന്റെ ദേശീയ കുടുംബാരോഗ്യ സർവ്വേ - 4 (NFHS-4) പട്ടിണിയുടേയും പോഷകാഹാരക്കുറവിന്റെയും സ്ഥിതി വിവരക്കണക്കുകൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ആര് ഗൗനിക്കാൻ? കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇൻറർനാഷണൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിലെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ഗ്രാമീണ ഇന്ത്യയിൽ നാലിൽ മൂന്നുപേരും മതിയായ പോഷകാഹാരക്കുറവുള്ളവരാണത്രേ. പട്ടിണി സൂചികയിൽ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു കാരണം ജനങ്ങൾക്ക് മതിയായ ഭക്ഷ്യലഭ്യത (കലോറി ) ഇല്ലാത്തത്, ഉയർന്ന ശിശു മരണനിരക്ക്, കുട്ടികളിലെ പോഷകാഹാരക്കുറവ്, ഭാരക്കുറവ്, വളർച്ചാ മുരടിപ്പ്, എന്നിവയാണ്. എന്താണ് പരിഹാരം? സാർവത്രിക പൊതുവിതരണ സംവിധാനവും ഐ.സി.ഡി.എസും. കേന്ദ്രം ചെയ്യുന്നതോ? പൊതുസംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും കുത്തകകൾക്കായി പിൻമാറ്റം. അവശ്യവസ്തു നിയമ ഭേദഗതിയോടെ കുത്തകകൾക്ക് സംഭരിക്കാനുള്ള തടസ്സം നീങ്ങി. FCI സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതോടെ സർക്കാർ സംഭരണം ഇല്ലാതാവും.സർക്കാർ സംഭരണമില്ലാതായാൽ പിന്നെ എന്തു പൊതുവിതരണം?

പക്ഷേ അഛേദിൻ വന്നില്ലെന്നു മാത്രം പറയരുത്. ലോക്ക് ഡൗൺ കാലത്ത് മാത്രം മുകേഷ് അംബാനിയുടെ സ്വത്ത് പെരുകിയത് മണിക്കൂറിൽ 90 കോടി! അതായത് ഓരോ മിനിറ്റിലും ഒന്നരക്കോടിയും സെക്കൻ്റിൽ രണ്ടര ലക്ഷവും വെച്ച് !! ഒരു വർഷം കൊണ്ട് അംബാനിയുടെ സ്വത്തിലെ വളർച്ച 71 ശതമാനം.അദാനിയുടെ 63 ശതമാനം. മറ്റ് കോർപ്പറേറ്റുകളും മോശമല്ല. ഈ കോർപ്പറേറ്റുകളും മോദിയും കുടി നയിക്കുന്ന വിശപ്പിന്റെ റിപ്പബ്ലിക്കാകുന്നു ഇന്ത്യ. ഈ ഇന്ത്യയിൽ രാജ്യസ്നേഹം, വികസനം എന്നൊക്കെ പറയുന്നത് കോർപ്പറേറ്റ് സേവയും അവരുടെ വളർച്ചയുമാകുന്നു. അല്ലാതെ ദരിദ്ര സേവയല്ല തന്നെ. മാനവ സേവയും മാധവ സേവയും .അംബാനി സേവയും അദാനി സേവയുമായിട്ട് കാലം കുറച്ചായി.

വാൽക്കഷ്ണം: പട്ടിണി വാർത്തക്ക് പണം കൊടുത്താൽ പോലും റേറ്റിങ്ങുണ്ടാക്കുക പ്രയാസമാണ്. അതിനാൽ പ്രൈം ടൈമിൽ സ്വർണ്ണം തന്നെ വിളയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.