കൊച്ചി: മലയാളികൾക്ക് സർക്കാർ നൽകുന്ന പുതുവത്സര സമ്മാനമാണ് കെ സ്മാർട്ട് എന്ന് മന്ത്രി എം.ബി രാജേഷ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെ-സ്‌മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ വിന്യസിക്കുന്നതിൻ്റെ സംസ്‌ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള നിർമ്മിതിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പാണ് കെ സ്മാർട്ട്. തദ്ദേശ സ്വയം സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. കെ സ്മാർട്ട് പ്രവർത്തനസജ്ജമാകുന്നതോടെ ഓൺലൈനിൽ തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കി ബിൽഡിംഗ് പെർമിറ്റുകൾ വെറും 30 സെക്കൻഡിനുള്ളിൽ ലഭ്യമാകും. ജനന/മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ വാട്സ്ആപ്പിലും ഇ മെയിലിലും ലഭിക്കും.
രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നത്. വീണ്ടും ഇന്ത്യക്ക് മാതൃകയാവുകയാണ് കേരളം. എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് അവകാശമാണെന്ന് പ്രഖ്യപിച്ചുകൊണ്ട് നടപ്പിലാക്കിയ കെ ഫോൺ പദ്ധതിക്ക് വൻ സ്വീകരയതയാണ് ലഭിച്ചത്. ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്നും നഗരസഭാ സെക്രെട്ടറിമാർക്കും മറ്റ് ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെല്ലുവിളികൾ ഏറ്റെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. നാളെ മുതൽ കെ സ്മാർട്ടിന്റെ സേവനം എല്ലാവർക്കും ലഭ്യമാകും. കെ സ്മാർട്ട് പ്രവർത്തനം വേഗത്തിലാക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജങ്ങൾക്ക് സംശയനിവാരണത്തിനായി ആദ്യഘട്ടത്തിൽ ഐ.കെ.എം ജീവനക്കാരെ വിന്യസിച്ചു നഗരസഭകളിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കുമെന്നന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പും നഗരസഭകളും ഇൻഫർമേഷൻ കേരള മിഷനും സംയുക്തമായി പ്രാവർത്തികമാക്കുന്ന കെ സ്മാർട്ട് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. ഇത് സംബന്ധിച്ചു ഐ.കെ.എമ്മും കർണാടക മുനിസിപ്പൽ ടാറ്റാ സൊസൈറ്റിയും തമ്മിൽ ധാരണ പത്രം കൈമാറി. കെ സ്മാർട്ടിന് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ സ്മാർട്ട് യാഥാർത്ഥ്യമാകുന്നതോടെ വ്യവസായ വകുപ്പിൽ ലഭിക്കുന്ന പരാതികൾക്ക് ശാശ്വത പരിഹാരം കാണാനാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ചടങ്ങിൽ കെ സ്മാർട്ടിന്റെ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സ്മാർട്ട് കെ സ്വിഫ്റ്റ്മായി ബന്ധിപ്പിക്കണമെന്നും മലയാളികൾക്ക് ലഭിക്കുന്ന അർത്ഥവത്തായ പുതുവത്സര സമ്മാനമാണിതെന്നും മന്ത്രി പറഞ്ഞു.
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ - സ്മാർട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.