പരിഹാസത്തോടെ സംസാരിക്കുന്ന ജോസഫൈനെ വനിതകമീഷൻ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണം -കെ സുധാകരൻ

തിരുവനന്തപുരം: ഭർതൃഗൃഹത്തിലെ പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിക്ക്​ വനിത കമീഷൻ ചെയർപേഴ്​സൺ എം.സി ജോസഫൈൻ നൽകിയ മറുപടിയിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സർക്കാർ സംവിധാനങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള പ്രതികരണമെന്ന് സുധാകരൻ തുറന്നടിച്ചു.

ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുധാകരന്റെ വാക്കുകൾ

എം.സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും.
അവരുടെ ഭൗതികസാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പൊലീസ് സ്റ്റേഷനിൽ പോകാനൊ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനോ ഉള്ള ഭൗതിക സാഹചര്യത്തെ കുറിച്ച് നമുക്കാർക്കും ഉറപ്പില്ല. ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയതെന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്.
സർക്കാർ സംവിധാനങ്ങളിലുള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണ് ജോസഫൈന്റെ തൽസമയ പ്രതികരണം. സി.പി.എം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം.

Tags:    
News Summary - MC Josephine should be removed from the chair of the Women's Commission, says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.