കൊച്ചി: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഫാഷൻ ഗോൾഡിെൻറ പേരിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ സൗകര്യം ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകി.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇദ്ദേഹം ജാമ്യഹരജി നൽകിയത്. നവംബർ ഏഴിന് അറസ്റ്റിലായ തെൻറ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രമേഹവും രക്തസമ്മർദ്ദവുമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നൽകിയില്ലെന്ന പേരിൽ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്നും ഇദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
2007ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് ഫാഷൻ ഗോൾഡിനെതിരായ പ്രധാന ആക്ഷേപം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നൽകാമെന്ന കരാർ പ്രകാരമാണ് പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.