ഹിറാ ഗുഹയിൽെവച്ച് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. അപ്രതീക്ഷിതവും അസ്വാഭാവികവുമായ ഈ അനുഭവം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പരിഭ്രാന്തിയോടെ പ്രിയ പത്നിയെ സമീപിച്ചു. അദ്ദേഹത്തിൽ വന്ന ഭാവമാറ്റം മനസ്സിലാക്കിയ സഹധർമിണി ഖദീജ കാരണം അന്വേഷിച്ചു.സംഭവിച്ചതൊക്കെ വിശദീകരിച്ചുകൊടുത്തപ്പോൾ അവർ പറഞ്ഞു: ‘‘പ്രിയപ്പെട്ടവേന, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല, കഷ്ടപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധം ചേർക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. ദുർബലർക്ക് ആശ്വാസമേകുന്നു. കഷ്ടപ്പെടുന്നവർക്ക് കൂട്ടാവുന്നു. സത്യത്തിന്റെ വിജയത്തിനായി പണിയെടുക്കുന്നു. ഒരു തെറ്റും ചെയ്യുന്നില്ല. അതിനാൽ എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.’’ മക്കയിൽ മുസ്ലിംകൾക്ക് ജീവിതം അസാധ്യമായപ്പോൾ അബൂബക്കർ സിദ്ദീഖ് നാടു വിടാൻ തീരുമാനിച്ചു. വഴിയിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയ ശത്രുഗോത്രത്തിലെ നേതാവ് ഇബ്നുദ്ദുഗ്ന തടഞ്ഞുനിർത്തിപ്പറഞ്ഞു: ‘‘താങ്കളെപ്പോലുള്ളവർ നാടു വിടരുത്. നാട്ടിൽനിന്ന് പുറത്താക്കപ്പെടുകയുമരുത്. താങ്കൾ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നു. കടം കൊണ്ട് വലയുന്നവർക്ക് ആശ്വാസമേകുന്നു. ഭാരം ചുമക്കുന്നവർക്ക് അത്താണിയായി വർത്തിക്കുന്നു.’’
ഇബ്രാഹീം പ്രവാചകൻ മക്കയിൽ കുടുംബത്തെ താമസിപ്പിച്ച് പ്രാർഥിച്ചത്, പേടിയും പട്ടിണിയുമില്ലാത്ത നാടിനുവേണ്ടിയാണ്. ഇസ്ലാമിക സമൂഹത്തിെൻറ സാന്നിധ്യംവഴി സാധ്യമാകേണ്ടത് അതാണ്. ഇസ്ലാമിെൻറ അനുഗ്രഹം മുസ്ലിംകളിലൂടെ എല്ലാവരും അനുഭവിച്ചറിയണം. പട്ടിണികൊണ്ട് പൊറുതിമുട്ടുന്നവരുടെ മുന്നിൽ അന്നമായും നഗ്നത മറക്കാൻ കഴിയാത്തവരുടെ മുന്നിൽ വസ്ത്രമായും രോഗിയുടെ മുന്നിൽ മരുന്നായും തലചായ്ക്കാൻ ഇടമില്ലാത്തർക്ക് വീടായും ഭാരം ചുമക്കുന്നവർക്ക് അത്താണിയായും മാറാൻ കഴിയുമ്പോൾ മാത്രമേ വിശ്വാസികൾ തങ്ങളുടെ ഇസ്ലാമിക ദൗത്യം പൂർണാർഥത്തിൽ നിർവഹിച്ചവരാവുകയുള്ളൂ.
ഖുർആൻ അവതീർണമായ റമദാൻ മാസത്തിൽ
അത് മുന്നോട്ടുവെക്കുന്ന ഈ ആശയം പൂർത്തീകരിക്കാൻ കഴിയുമ്പോഴാണ് അതിെൻറ പേരിലുള്ള വ്രതം അർഥപൂർണമാകുന്നത്.ടോൾസ്റ്റോയി നടന്നുപോകവെ വഴിയരികെ വീണുകിടക്കുന്ന യാചകൻ ‘‘വല്ലതും തരണമേയെന്ന് ’’പറഞ്ഞു. ഇരു പോക്കറ്റുകളും പരിശോധിച്ച ടോൾസ്റ്റോയി നിസ്സഹായതയോടെ പറഞ്ഞു: ‘‘ സഹോദരാ ഒന്നുമില്ലല്ലോ.’’ അപ്പോൾ ആ യാചകൻ പ്രതിവചിച്ചു: ‘‘അങ്ങ് എനിക്കെല്ലാം തന്നല്ലോ’’ ടോൾസ്റ്റോയി പറഞ്ഞു: ‘‘ ഞാൻ ഒന്നും തന്നില്ലല്ലോ?’’
‘‘താങ്കൾ, എന്നെ സഹോദരാ എന്നു വിളിച്ചില്ലേ? അതുതന്നെ എനിക്ക് ധാരാളമാണ്’’-യാചകൻ അറിയിച്ചു.
സമൂഹത്തിൽ ചിലർ പ്രതീക്ഷിക്കുന്നത് ആശ്വാസവാക്കുകളായിരിക്കും. മറ്റുചിലർക്ക് വേണ്ടിവരുക ഒരു തലോടലായിരിക്കും.പലർക്കും പുഞ്ചിരിപോലും ആശ്വാസദായകമായിരിക്കും. അതിനാലാണല്ലോ പ്രവാചകൻ പറഞ്ഞത്. ‘‘കൂട്ടുകാരെൻറ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും പുണ്യമാണ്, ധർമമാണ്.’’ഏവർക്കും ഇളംതെന്നൽ പോലെ കുളിരേകാൻ പ്രചോദനമാകട്ടെ നമ്മുടെ വ്രതാനുഷ്ഠാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.