കാസർകോട്, കണ്ണൂർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തീരദേശ ഗ്രാമം, ഉദിനൂർ. വിദ്യാർഥികളുടെ സൈക്കിൾ ബെല്ലടി കേട്ടാണ് ഉദിനൂരിന്റെ നേരം പുലരുന്നത്. എഴുന്നൂറിലധികം കുട്ടികൾ നാട്ടിടവഴികളിലൂടെ സൈക്കിളിൽ സ്കൂളിലേക്ക്. ഉദിനൂർ ഗവൺമെന്റ് എച്ച്.എസ് സ്കൂളിലെ വിദ്യാർഥികളാണ് പതിറ്റാണ്ടിലധികമായി സൈക്കിളിൽ സ്കൂളിലേക്കെത്തുന്നത്. സുരക്ഷിതയാത്രയും കായിക ക്ഷമതയും മാത്രമല്ല, പരിസ്ഥിതി സൗഹാർദ മാർഗങ്ങൾകൂടി പഠിക്കുകയാണ് ഉദിനൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ.
എഴുന്നൂറിലധികം കുട്ടികൾ പഠിക്കുന്നതാണ് ഉദിനൂർ വിദ്യാലയം. ഇവരിൽ 90 ശതമാനത്തിലധികം പേരും സൈക്കിളിലാണ് സ്കൂളിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ സൈക്കിൾ വിദ്യാലയം എന്നാണ് ഉദിനൂർ സ്കൂൾ അറിയപ്പെടുന്നത്. തൃക്കരിപ്പൂർ, ഒളവറ, പയ്യന്നൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിൽനിന്നാണ് കുട്ടികൾ സ്കൂളിലേക്ക് സൈക്കിൾ ചവിട്ടിയെത്തുന്നത്.
ഒരു വിദ്യാർഥിയെ സ്കൂളിൽ ചേർക്കുമ്പോൾ ആ കുട്ടിക്ക് ഒരു സൈക്കിൾകൂടി വാങ്ങി നൽകണമെന്ന് അധ്യാപകർതന്നെ രക്ഷിതാക്കളോട് പറയുമെന്ന് പ്രിൻസിപ്പൽ പി.വി. ലീനയും പ്രധാനാധ്യാപിക കെ. സുബൈദയും പറയുന്നു. സാമ്പത്തികമായി സൈക്കിൾ വാങ്ങാൻ കഴിയാത്തവർക്ക് സ്കൂൾ പി.ടി.എ പ്രത്യേക ഫണ്ടും അനുവദിക്കും.
1983ൽ തുടങ്ങിയതാണ് ഉദിനൂരിലെ ഈ വിദ്യാലയം. യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ സ്കൂളിലേക്ക് സൈക്കിളിൽ വരട്ടേയെന്ന് അധ്യാപകർ നിർദേശിക്കുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ പി.ടി.എയും ഇത് അംഗീകരിച്ചു. ബസിൽ തിക്കിത്തിരക്കി വരുന്നതിന്റെ ക്ഷീണമൊന്നും ക്ലാസുകളിൽ ഇരിക്കുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാറില്ല.
സൈക്കിൾ ചവിട്ടി വരുന്നതിനാൽ തന്നെ മുഴുവൻ സമയവും ആക്ടിവ് ആയിരിക്കും. അത് അവരുടെ പഠന-ആരോഗ്യ കാര്യങ്ങളിലും പോസിറ്റിവ് സ്വാധീനം ചെലുത്തുന്നുണ്ട് –അധ്യാപകർ പറയുന്നു.
ഫുൾ ടൈം ഓൺ
രാവിലെ എട്ടരയോടെ ഉദിനൂരും പരിസരവും കുട്ടികളുടെ സൈക്കിൾ ബെല്ലടികളോടെ സജീവമാകും. രാവിലെതന്നെ ഉന്മേഷത്തോടെയാണ് ഓരോ കുട്ടിയും സ്കൂളിലേക്കെത്തുക. നാട്ടുകാരുടെ സഹകരണത്തോടുകൂടിയാണ് കുട്ടികളുടെ സൈക്കിൾ യാത്ര.
സർക്കാർ വിദ്യാലയങ്ങളിൽ പത്താം ക്ലാസിൽ 100 ശതമാനം വിജയവും ഏറ്റവും കൂടുതൽ എ പ്ലസുകളും വാങ്ങി കൂട്ടുന്ന വിദ്യാലയമാണ് ഉദിനൂർ ജി.എച്ച്.എസ്.എസ്. ഈ വിജയത്തിന് പിന്നിൽ സൈക്കിൾ യാത്ര ഗുണം ചെയ്തിട്ടുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
ചെറുപ്പം മുതൽ സൈക്കിൾ യാത്ര ശീലമാക്കിയതിനാൽ ട്രാഫിക് നിയമങ്ങളെല്ലാം ഇവിടത്തെ വിദ്യാർഥികൾക്ക് അറിയാം. പ്രധാന റോഡിലൂടെ വരി വരിയായാണ് ഇവരുടെ സൈക്കിൾ ചവിട്ട്. രാവിലെ 8.30 മുതൽ 9.20 വരെയും വൈകിട്ട് സ്കൂൾ വിടുന്ന സമയത്തും സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനായി റോഡ് ജങ്ഷനുകളിൽ സ്റ്റുഡന്റ് പൊലീസും സജ്ജമായിരിക്കും.
തങ്ങളുടെ സുഹൃത്തുക്കളും സഹപാഠികളും കൂടിയായ അവരുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഓരോ വിദ്യാർഥിയുടെയും സൈക്കിൾ യാത്ര. കൂടാതെ, ബൈക്കുകളിൽ ഉൾപ്പെടെ യാത്രചെയ്യുന്ന ഉദിനൂരിലെ സ്ഥിരം യാത്രക്കാരും സ്റ്റുഡന്റ് പൊലീസിന്റെ നിർദേശങ്ങൾ അനുസരിക്കും. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ സ്കൂൾ സൈക്കിൾ ജാഗ്രതാസമിതിയും ഇവിടെ പ്രവർത്തിക്കുന്നു.
സൈക്കിൾ യാത്രകളിലൂടെ പരിസ്ഥിതി സൗഹാർദത്തിന്റെ ആദ്യ പാഠങ്ങൾ തങ്ങൾ പഠിച്ചതായി വിദ്യാർഥികൾ പറയുന്നു. ബസിൽ സ്കൂളിലേക്ക് പോകുമ്പോൾ കാഴ്ചകളൊന്നും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. യാത്ര സൈക്കിളിലായതോടെ കാഴ്ചകളെല്ലാം കണ്ടാണ് വരുന്നതും പോകുന്നതുമെന്നും മഴയും മഞ്ഞും തണുപ്പും വെയിലുമെല്ലാം ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സ്കൂൾ ബസിനും സ്വകാര്യ ബസിനും മറ്റുമായി നൽകുന്ന വലിയ തുക മാസംതോറും നീക്കിവെക്കേണ്ടി വരാറില്ല. അതിനാൽ കുട്ടികൾ സൈക്കിളിൽ യാത്ര ചെയ്യുന്നതിനാൽ സാമ്പത്തിക ഭാരം കുറയുന്നതായി രക്ഷിതാക്കളും പറയുന്നു.
എല്ലാവരും ഫിറ്റാണ്
ഒരിക്കൽ കേന്ദ്ര സർക്കാറിന്റെ ‘ഫിറ്റ് ഇന്ത്യ’ അധികൃതർ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇവിടത്തെ വിദ്യാർഥികളെല്ലാം ഉന്നത ആരോഗ്യനിലവാരം പുലർത്തുന്നവരാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതായി അധ്യാപകർ പറയുന്നു. സൈക്കിൾ ചവിട്ടുന്നതിന്റെ മേന്മയാണ് ഈ കുട്ടികളുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നും അവർ വിശ്വസിക്കുന്നു.
സ്കൂളിലേക്ക് സൈക്കിളിൽ യാത്രചെയ്യുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃക സൃഷ്ടിക്കുകയാണെന്ന് പി.ടി.എ പ്രസിഡന്റ് വി.വി. സുരേശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പറയുന്നു. തുറന്നലോകം സൈക്കിൾ യാത്രയിലൂടെ നൽകുകയാണ് കുട്ടികൾക്ക്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ അറിയുന്നതിനാൽ വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഓരോ കുട്ടിക്കും മാതാപിതാക്കൾ സൈക്കിൾ വാങ്ങിനൽകുന്നതെന്നും അവർ പറയുന്നു.
ഉദിനൂരിൽ വിദ്യാർഥികൾ മാത്രമല്ല, മുതിർന്നവരും സൈക്കിൾ ഉപയോഗിക്കുന്നു എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പല വിദേശരാജ്യങ്ങളിലും മുതിർന്നവർ ജോലിക്കുപോകുന്നതും വരുന്നതും സൈക്കിളിലാണ്. കേരളത്തിൽ ഒരുകാലത്ത് അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ആ കാഴ്ച കാണാനില്ല. ഉദിനൂരിൽ എന്നാൽ നേരെ മറിച്ചാണ് -രക്ഷിതാക്കൾ പറയുന്നു.
അധികം യാത്രചെയ്യുന്നവരല്ല കുട്ടികളാരും. സ്കൂളിൽ പോകണമെന്നുള്ളതുകൊണ്ടുതന്നെ മറ്റെവിടേക്കും അവർക്ക് മറ്റുള്ളവരെപ്പോലെ യാത്രചെയ്യാൻ സാധിക്കില്ല. മറ്റു സ്കൂളുകളിലാണെങ്കിൽ സ്കൂൾ ബസുകളിലാണ് യാത്രതന്നെ. അതിനാൽ അവർക്ക് പൊതു സമൂഹവുമായി ഇടപെടാനും കൂടുതൽ അവസരം ലഭിക്കാറില്ല.
എന്നാൽ, ഇവിടെ അങ്ങനെയല്ല. സൈക്കിളിൽ വരുമ്പോൾ അവർക്ക് ചുറ്റുപാടുമുള്ള പ്രകൃതിയുമായി ഇടപെട്ട് യാത്രചെയ്യാൻ സാധിക്കുന്നു. പ്രകൃതിഭംഗി ആസ്വദിക്കുന്നു, സമൂഹവുമായി ഇടപെടുന്നു. ട്രാഫിക്കിൽ വരിയായി അവർ നിൽക്കും. എസ്.പി.സിയുടെ നിർദേശങ്ങൾ അനുസരിച്ച് അവർ റോഡിൽ യാത്രചെയ്യും.
മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അവസരം ഒരുക്കും. ഓരോ സൈക്കിൾ യാത്രയിലൂടെയും അവർ സമൂഹത്തിൽ ഇടപെടുകയാണ്. എങ്ങനെയാണ് സമൂഹത്തിൽ ഇടപെടേണ്ടതെന്ന് അവർ പഠിക്കുകയാണ്. അതോടൊപ്പം അവരുടെ ആത്മവിശ്വാസവും കൂടുന്നുണ്ട്.
വീടുകളിൽ എത്തിക്കഴിഞ്ഞാൽ അവർ അധികം പുറത്തൊന്നും കളിക്കാൻ പോകാറില്ല. മൊബൈൽ ഫോണിലാണ് കൂടുതൽ സമയം ചെലവഴിക്കുക. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യം വർധിപ്പിക്കാൻ ഈ സൈക്കിൾ യാത്ര അവരെ സഹായിക്കും. ക്ലാസ് മുറികളിലും അവർ ഊർജസ്വലരാണ് –അധ്യാപകർ പറയുന്നു.
സ്കൂളിൽ ഇതുവരെ സ്കൂൾ ബസിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നിട്ടില്ല. ചെറിയ പ്രായം മുതൽ തന്നെ സൈക്കിൾ ഉപയോഗിക്കുന്നതിനാൽ അവർക്ക് സൈക്കിൾ യാത്രക്ക് മടിയില്ല. മറ്റു സ്കൂളിലെ കുട്ടികൾ സ്വകാര്യ ബസുകളിൽ തിക്കിത്തിരക്കി പോകുന്നത് കാണാം.
മാത്രമല്ല, വഴിയിൽ കാണുന്നവരോട് ലിഫ്റ്റ് ചോദിച്ചും മറ്റും പോകും. ഇത് മാതാപിതാക്കൾക്കും അധ്യാപകർക്കും വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. മാത്രമല്ല, പ്ലസ് ടുവിനും മറ്റും പഠിക്കുന്ന കുട്ടികൾ വീട്ടിൽ ടൂവീലർ ആവശ്യപ്പെട്ട് വാശിപിടിക്കുന്നതും കാണാം.
അതൊന്നും ഉദിനൂർ സ്കൂളിന് ഒരു പ്രശ്നമല്ല. രക്ഷിതാക്കൾ ഒരു സൈക്കിൾ വാങ്ങി നൽകും. അഞ്ചുവർഷത്തോളം അതിൽതന്നെയായിരിക്കും അവരുടെ യാത്ര. 700ലധികം കുട്ടികൾ മറ്റു വാഹനങ്ങളിൽ വരുമ്പോൾ വലിയ ശതമാനം ഇന്ധനം ആവശ്യമായിവരും. എന്നാൽ, ഇവിടെ ആ പ്രശ്നവുമില്ല –അധ്യാപകർ കൂട്ടിച്ചേർത്തു.
സ്കൂളിൽ സൈക്കിളിൽ വരാൻ തുടങ്ങിയതോടെ കൂടുതൽ പേരുമായി ഇടപെടാനും പരിചയപ്പെടാനും കഴിയുന്നതായി വിദ്യാർഥികളും പറയുന്നു. മുതിർന്നവർ കൊണ്ടുവിടുമ്പോൾ അവർ വഴിയിൽനിർത്തില്ല. സ്കൂൾ-വീട് മാത്രമാണുണ്ടാകുക. എന്നാൽ തങ്ങൾ സൈക്കിൾ ചവിട്ടി വരുമ്പോൾ കൂടുതൽ കൂട്ടുകാരുമായി അടുപ്പമാകുന്നു.
കൂടുതൽ സുഹൃത്തുക്കളെ കിട്ടുന്നു. അവർക്കൊപ്പം ഒരുമിച്ച് സൈക്കിളിൽ സ്കൂളിലേക്ക് വരാനും പോകാനും നല്ല രസമാണ്. പുതിയ പുതിയ വഴികൾ ഞങ്ങൾതന്നെ കണ്ടെത്തും. ഇഷ്ടമുള്ള സ്ഥലത്തുനിർത്തി അവ കാണും. കൗതുകമുള്ള കാഴ്ചകൾ കാണും –വിദ്യാർഥി പറയുന്നു.
എസ്.പി.സിയുടെ ഭാഗമായി ഞങ്ങൾ ട്രാഫിക് നിയന്ത്രിച്ചുവരുന്നു. 750ൽ അധികം കുട്ടികൾ സൈക്കിളിൽ വരുന്നുണ്ട് ഇവിടെ. ജങ്ഷനിൽ എത്തുമ്പോൾ റോഡ് മുറിച്ചുകടക്കാൻ വലിയ പ്രയാസമാണ്. രാവിലെയായതിനാൽ റോഡിൽ നല്ല തിരക്കായിരിക്കും. മറ്റു വാഹനങ്ങളും കൂടുതലായുണ്ടാകും. അതിനാൽ രാവിലെയും വൈകീട്ടും ഞങ്ങൾ ട്രാഫിക് നിയന്ത്രിക്കും. മറ്റു യാത്രക്കാരും ഞങ്ങളോട് സഹകരിക്കും -എസ്.പി.സി കാഡറ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.