കോഴിക്കോട്: കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമ പ്രവർത്തകർ ആഘോഷിക്കുന്നത് ദിലീപിെൻറ അറസ്റ്റും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്. കേസിലെ മാധ്യമ വിചാരണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി കഴിഞ്ഞു. ഇയൊരു സാഹചര്യത്തിൽ തെളിവെടുപ്പ് മുതൽ ദിലീപിെൻറ എല്ലാ കാര്യങ്ങളും ലൈവായി ചിത്രീകരിക്കുന്ന മാധ്യമ സമീപനങ്ങളെ വിമർശിക്കുകയാണ് വിമല കോളജിലെ അധ്യാപികയായ അനു പാപ്പച്ചൻ. പലപ്പോഴും ഇൗ മാധ്യമ വിചാരണ കേസിന് ദോഷകരമായി ബാധിക്കുന്നുവെന്നും അനു ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം
24 മണിക്കൂർ ന്യൂസ് ചാനലുകളുടെ വരവിന് ശേഷം മലയാള മാധ്യമങ്ങൾക്ക് കിട്ടിയ ഏറ്റവും താരമൂല്യമുള്ള വാർത്തകളുടെ ദിനങ്ങളാണിത്.മാധ്യമങ്ങളുടെ നിലപാടുകളെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ കൊഴുക്കുന്നു. കോടതി പോലും ഇപ്പോൾ പരിഗണിക്കേണ്ടതില്ലാത്ത, പ്രാഥമിക ഘട്ടത്തിൽ മാത്രം നില്ക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ merits/demerits കളെ കുറിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. വിവരങ്ങളിൽ നിന്ന് വലിയ തീർപ്പുകൾ കല്പിക്കപ്പെടുന്ന കോടതി മുറികളായി മാധ്യമ ശാലകളെന്ന് പരിതപിക്കപ്പെടുന്നു.
മാധ്യമ ജാഗ്രതയാണോ മാധ്യമ കടന്നുകയറ്റമാണോ ഇതെന്ന് തർക്കിച്ച് പലരും വശംകെടുന്നു.മറ്റു പ്രധാന വാർത്തകളുടെ സമയം കൂടി അപഹരിച്ച് ഈ അക്രമവാർത്ത അനുനിമിഷം ഒരു സിനിമാക്കഥ പോലെ ഫിക്ഷൻ ആയിപ്പോകുന്നു എന്ന് ചിലർ വിലപിക്കുന്നു.വസ്തുതാ വിവരണത്തിന് പകരം വാണിജ്യ സിനിമകളിലെ നായകന്മാരെ പോലെ വികാരഭരിതരായി, നാടകീയമായി കാമറയ്ക്കു മുന്നിൽ റിപ്പോർട്ടേഴ്സും അവതാരകരും അഭിനയിക്കുന്നു എന്ന് അപഹാസമുയരുന്നു...ഈ പറഞ്ഞതു മുഴുവൻ തിരുത്തി പറയേണ്ടി വന്നാൽ ഭാവിയിൽ മാധ്യമങ്ങൾക്കു നേരിടേണ്ടി വരുന്ന ഇളിഭ്യതയെ കുറിച്ച് ഇന്നേ ഓർമപ്പെടുത്തുന്നു!
കൊണ്ടും കൊടുത്തും സമൂഹ മാധ്യമങ്ങളിൽ ഈ കാര്യങ്ങളുടെ ധ്വനിയെക്കാൾ വലിയ പ്രതിധ്വനികൾ ഉയരുന്നു..അറസ്റ്റുചെയപ്പെട്ട കുറ്റാരോപിതനോട് ആദ്യം തോന്നിയ വെറുപ്പ് പതിയെ സഹതാപത്തിന് വഴിമാറുന്നു. നായകന് സഹതാപ തരംഗം സൃഷ്ടിക്കാൻ കൂലിയെഴുത്തുകാർ ഇറങ്ങിയെന്ന് ചിലർ ജാഗ്രതപ്പെടുത്തുന്നു......
കഴിഞ്ഞ അഞ്ചു ദിവസത്തെ വാർത്താ ചാനലുകളിലെ സംഭവങ്ങളിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ ഏതാണ്ടിത്രയുമാണ്.ഒരു പെൺകുട്ടി അതിക്രൂരമായി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ എന്ത് മാത്രം സഹതാപാർഹനാണ് ?ആ പെൺകുട്ടി അനുഭവിച്ച മാനസിക, ശാരീരിക സംഘർഷങ്ങൾ വച്ചു നോക്കുമ്പോൾ തുലോം തുഛമാണത്. അവഗണിക്കപ്പെടേണ്ടതും.സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരാളാണ് എന്നതും ടിയാന്റെ അഭിനയ ജീവിതത്തെ നശിപ്പിക്കാനാണ് ഈ കുരുക്ക് എന്ന് വാദിക്കുന്നതിലും ഒരു യുക്തിയുമില്ല.കേസിൽ പെട്ട് ജയിലിൽ പോയ നിരവധി പേർ അതിശക്തമായി പിന്നീട് സ്വമേഖലകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഈ കേസിലെ കുറ്റാരോപിതനായ നടൻ പോലും തന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. അതു കൊണ്ട് ഇപ്പോൾ അനുഭവിക്കുന്നതായി തോന്നുന്ന വേദന സത്യം കണ്ടെത്താനുള്ള കഠിന പാതയിലെ അനിവാര്യമായ ഒരവസ്ഥയാണ്. കുറ്റാരോപിതനെ അറസ്റ്റു ചെയ്ത വാർത്ത break ചെയ്ത നിമിഷം മുതൽ മാധ്യമ സുഹൃത്തുക്കളിൽ പൊതുവേ ആവേശവും ഊർജവും നിറഞ്ഞു നിന്നു കാരണം, ഈ കേസ് തേഞ്ഞു മാഞ്ഞു പോകുമോ എന്ന പൊതുസമൂഹത്തിന്റെ ഉത്കണ്ഠയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ട മാധ്യമങ്ങൾ ജാഗരൂകതതോടെ ഈ അക്രമത്തെ പിന്തുടർന്നു എന്നതുകൊണ്ടു തന്നെ.ഇത് ചില മാധ്യമ പ്രവർത്തകരുടെ വ്യക്തിഹത്യ ഉദ്ദേശിച്ചുള്ള ആരോപണങ്ങൾക്ക് കാരണമായി എന്നതും വസ്തുതയാണ്.പക്ഷേ, അത്തരം ആരോപണങ്ങൾ ഉണ്ടാക്കുന്ന മാനസിക സംഘർഷം ഒരു പരിധിയിൽ കൂടുതൽ വാർത്താവതരണത്തിൽ വരരുത്.
മോഹൻലാൽ സുകുമാർ അഴീക്കോട് വാക് തർക്കം നടന്നപ്പോൾ ' എന്നെ പറഞ്ഞാൽ ഞാനും പറയും' എന്ന് അഴീക്കോടിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ബാലിശ പ്രതികരണം സാന്ദർഭികമായി ഓർത്തു പോയി.മാധ്യമ പ്രവർത്തനംഏത് അർത്ഥത്തിലും മഹനീയമാണ്, സിനിമയേക്കാളും ഒരു പക്ഷേ അനുപേഷണീയവും ഉത്തരവാദിത്വമുള്ളതുമാണ്. അതു കൊണ്ട് എത്ര കടുത്ത ആരോപണങ്ങൾ വന്നാലും അത് സമചിത്തതയോടെ നേരിടാൻ മാധ്യമപ്രവർത്തകർക്ക് കഴിയും, കഴിയണം.
നിങ്ങളുടെ ഓരോ വാക്കിലും സത്യവും വസ്തുതകളും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പറയുന്നതിൽ വികാരത്തേക്കാൾ ഈ രണ്ടു കാര്യങ്ങളും ഉണ്ട് എന്നുറപ്പു വരുത്തിയാൽ ഒരു കാര്യത്തിലും മനസ്താപത്തിന്റെ ആവശ്യമില്ല.കുറ്റാരോപിതനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയതു മുതൽ ക്യാമറകളുടെ 'ലൈവ് കവറേജുകളും' റിപ്പോർട്ടർമാരുടെ റണ്ണിംഗ് കമന്ററികളും ആദ്യം ജനപ്രിയ താരത്തിനെതിരായ ക്ഷണിക പ്രതികരണങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഈ നടെൻറ ഏറ്റവും വലിയ ആസ്വാദകർ കുട്ടികളും സ്ത്രീകളുമുൾപെടുന്ന കുടുംബ പ്രേക്ഷകരാണ്. കുടുംബമാധ്യമത്തിലൂടെ തന്നെ ഒരു ക്രൂരകൃത്യത്തിന്റെ വിശദാംശങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങിയതോടെ ,ജനമനസ്സിൽ ഈ നടനുണ്ടായ സ്ഥാനം തകർന്നു കഴിഞ്ഞു.
അത് തിരിച്ചുപിടിക്കാൻ എന്തുമാത്രം ദുസാധ്യമെന്ന് ഏറ്റവും കൂടുതൽ അറിയാവുന്നത് ആ നടനുതന്നെ. തെളിവെടുപ്പിന് വേണ്ടി കുറ്റാരോപിതനേയും കൊണ്ടു നടത്തിയ യാത്രകൾ, പ്രത്യേകിച്ചും ഇതൊരു ഗൂഢാലോചന കേസ് ആയതു കൊണ്ട് വിസിബിൾ ആയ ഒരു തൊണ്ടിമുതലും കണ്ടു പിടിക്കാൻ സാധ്യതയില്ലാത്തതു കൊണ്ട്, ദൃശ്യപരമായി/വാർത്താപ്രാധാന്യമുള്ള ഒന്നും അതിലില്ല. പക്ഷേ ഒരു നടപടിക്രമമെന്ന നിലയിൽ റിപോർട്ട് ചെയ്യാo. എന്നാൽ നിരവധി സിനിമകളിൽ നമ്മൾ കണ്ടതുപോലുള്ള ഒരു രംഗത്തിന്റെ തനിയാവർത്തനമായി ഈ രംഗം. നിഷ്കളങ്കനെന്ന് അവകാശപ്പെടുന്ന നായകൻ 'നിഷ്ഠൂരരായ 'പോലീസുകാരാൽ വേട്ടയാടുന്ന രംഗം പോലെ അർത്ഥലോപം സംഭവിക്കുകയാണ് , ഈ വാർത്തകളിൽ സംഭവിച്ചത്
ഇത്തരം രംഗങ്ങളുള്ള സിനിമകളിൽ ചെയ്യാത്ത കുറ്റത്തിന് ജയിലിലാവുന്ന നായകൻ പ്രേക്ഷകരുടെ സഹതാപവും പിടിച്ചുപറ്റി ധീരോദാത്തനായി തിരിച്ചു വരുന്ന രംഗം കണ്ടു ശീലിച്ച കാണികൾക്ക് ഈ ദൃശ്യങ്ങളുടെ ആവർത്തനം, മാധ്യമങ്ങൾ പോലും ഉദ്ദേശിക്കാത്ത അർത്ഥമാണ് ലഭിച്ചിരിക്കുന്നത്.ദൃശ്യഭാഷയുടെ ഈ സ്വാധീനശക്തി നന്നായി അറിയുന്ന ഒരാളാണ് ഈ കുറ്റാരോപിതൻ എന്ന് പ്രത്യേകം ഓർക്കണം. അറസ്റ്റ് ചെയ്ത ദിവസവും പിറ്റേന്നും വിഷമം മറച്ചു പിടിക്കാൻ കഷ്ടപ്പെട്ട് ചിരിച്ചു നടന്ന നടൻ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കൂറേക്കൂടി ആത്മവിശ്വാസമുള്ളവനായി തോന്നുന്നത് തനിക്ക് നഷ്ടപ്പെട്ട സ്നേഹം സഹതാപ രൂപത്തിൽ തിരിച്ചു കിട്ടുന്നു എന്നറിഞ്ഞു തന്നെ.പണ്ട് സരോജ് കുമാർ പറഞ്ഞ ' എന്നെ അറസ്റ്റു ചെയ്യൂ' എന്ന് പറഞ്ഞു പോലീസിന് നേരെ കൈ നീട്ടുമ്പോൾ കിട്ടുന്ന ഹീറോയിസം തന്നെ !
പോലീസ് സംരക്ഷണത്തിൽ, ആർത്തിരമ്പുന്ന ജനക്കൂട്ടത്തിന് നടുവിലൂടെ ഞെങ്ങി ഞെരുങ്ങി നടക്കുന്ന നടനെ ടോപ് ആംഗിളിലാണ് മിക്കവാറും ദൃശ്യമാധ്യമങ്ങൾ കാണിക്കുന്നത്. ഇത് മനപൂർവ്വമെന്നതിനേക്കാൾ സാഹചര്യങ്ങളുടെ ആംഗിൾ തെരഞ്ഞെടുപ്പാണ്.ഈ തകർച്ചയുടെ വീക്ഷണവും ഒരു സഹതാപ ഹേതുവാണ്.മറ്റൊന്ന് മൈക്കുകൾ ദൃശ്യഭാഷയിൽ ഉണ്ടാക്കുന്ന ഒരു തരം ദൃശ്യ തീഷ്ണതയാണ്. ഫ്രെയിമിന്റെ നാലു ഭാഗത്തു നിന്നും കൂരമ്പുകൾ പോലെ ആഞ്ഞു തറക്കുന്ന മൈക്കുകൾ അതിനു മുന്നിലെ മനുഷ്യനെ നിരായുധനാക്കുന്നുണ്ട്. ഈ വിഷ്വൽ അഗ്രസീവ്നെസ് മത്സരാധിഷ്ഠിത വാർത്താ റിപ്പോർട്ടിംഗിൽ ഒഴിവാക്കാൻ പറ്റുമോ.. ആലോചന വിഷയമാണ്.ടെലിവിഷനിൽ ഏറ്റവും നന്നായി വിറ്റുപോകുന്ന നടനാണ് ഈ ആക്രമണത്തിൽ പ്രതി പട്ടികയിൽ ഉള്ളത്. വിറ്റുപോകാനുള്ള വാർത്താ തന്ത്രമെന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ല. പൾസർ സുനിയും ഇതുപോലെ ലൈവ് കവറേജിൽ വന്നിട്ടുണ്ട്. അയാൾ വില്പന മൂല്യമുള്ളയാളല്ല.
പ്രതി ചേർക്കപ്പെട്ടവർ നിരന്തരം ദൃശ്യ സാന്നിധ്യമാവുകയും ആക്രമണം നേരിട്ട സ്ത്രീ കാണാമറയത്ത് ആയിരിക്കുകയും ചെയ്യുന്നത് കുറ്റാരോപിതന് ഒരു മേൽക്കൈ നല്കുന്നുണ്ട്.അയാളുടെ ചേഷ്ടകൾ, കൂസലില്ലായ്മ, വസ്തുതാപരമായി അയാളിൽ ആരോപിക്കപ്പട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജേർണലിസ്റ്റിനോട് "ചേട്ടാ വായിൽ തോന്നിയത് പറയല്ലേ " എന്ന് ഉപദേശിക്കുന്നത് ഒക്കെ പതിയെ പതിയെ താൻ തെറ്റുകാരനല്ലെന്ന് തെളിയിക്കാനുള്ള അയാളുടെ ശ്രമങ്ങൾക്ക് താല്ക്കാലികമായി ബലം നല്കുമെന്ന് ഈ നടന് വ്യക്തമായി അറിയാം.ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തകർ ഈ ആരവങ്ങൾ ഒടുങ്ങുമ്പോൾ സെൻസേഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ദൃശ്യപരമായ് അത് പ്രേക്ഷകനിൽ എന്ത് ഇംപാക്റ്റ് ആണ് ഉണ്ടാക്കുന്നത് എന്ന് ഗൗരവത്തോടെ ചിന്തിക്കാൻ സമയമായി.അമ്മയുടെ മീറ്റിംഗ് കഴിഞ്ഞ് സൂപ്പർ താരങ്ങൾ ഉൾപ്പടെ മാധ്യമ പ്രവർത്തകരെ കാണാൻ വന്നപ്പോഴും അനാവശ്യ ധൃതിയും ബഹളവും ഒക്കെ കണ്ടു. അവർ വന്നത് മാധ്യമങ്ങളോട് സംസാരിക്കാനാണ്. എല്ലാ ക്യാമറകളും മൈക്കും സാധ്യമായ മികച്ച Audio /vedio ക്വാളിറ്റിയിൽ കിട്ടാവുന്ന രീതിയിൽ ക്രമീകരിക്കാവുന്ന ഒരു സമയം ഉണ്ടാക്കിയെടുക്കാനുള്ള ഒരു സാഹചര്യം അവിടുണ്ടായിരുന്നു എന്നാണ് കണ്ടപ്പോൾ തോന്നിയത്. അത് ബഹളവുംjerky യുമായി തുടക്കത്തിൽ. അത്തരം സാഹചര്യത്തിൽ ഒരു ഏകോപനം പെട്ടെന്ന് ആരെങ്കിലും നേതൃത്വം കൊടുക്കാനുണ്ടാവണം. എല്ലാം കഴിഞ്ഞപ്പോൾ സൂപ്പർ താരത്തിന്റെ കയ്യിൽ ഒരു മൈക്ക് ബാക്കിയായി! അദ്ദേഹം അതുയർത്തി പിടിച്ചു നിന്നു കുറച്ചു നേരം!!
90 കളിൽ ദൂരദർശൻ വാർത്തകളിലൂടെ ദൃശ്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴാണ് കാഴ്ചയുടെ കോയ്മയെപ്പറ്റി ജനങ്ങൾ ശരിക്കും ബോധവാന്മാരായത്.Seeing is believing എന്നതായിരുന്നു, മറ്റു സാധ്യതകളില്ലാത്ത ആ കാലത്തെ രീതി. എന്നാൽ ഭരണ നിയന്ത്രണത്തിലുള്ള ഒരു വാർത്താ മാധ്യമത്തിന്റെ ഹിഡൻ അജണ്ടകൾ പെട്ടെന്ന് തന്നെ വെളിപ്പെട്ടു. സത്യങ്ങൾമറച്ചുവെക്കുന്നതും മൂല്യാധിഷ്ഠിത പത്രപ്രവർത്തനമെന്നത് ഭരണാനുകൂല വിവരവിനിമയമാണെന്ന് വലിയ തോതിൽ മനസ്സിലായത് 2000കളിൽ പെരുത്ത സ്വകാര ചാനലുകളുടേയും / 24 മണിക്കൂർ വാർത്താ ചാനലുകളുടേയും വരവോടെയാണ്.ദൂരദർശന്റെ aesthetic value ഉള്ള ദൃശ്യപരിചരണവും ചിത്ര സന്നിവേശ രീതികളും പുതുക്കപ്പെട്ടു.എം.ടി വി പോലുള്ള ചാനലുകളുടെ വരവോടെ ദൃശ്യഭാഷയുടെ ഗ്രാമറില്ലായ്മ ഗ്രാമർ ആയി മാറി.
പ്രേക്ഷകന്റെ/ജനങ്ങളുടെ അഭിരുചിയും കാലത്തിനനുസരിച്ച് മാറി.നിശ്ചല ദൃശ്യങ്ങൾ എടുക്കാവുന്ന മൊബൈലുകൾ വന്നതോടെ ഓരോ ആളും ഒരു സിറ്റിസൺ ജേർണലിസ്റ്റ് ആവാനുള്ള തയ്യാറെടുപ്പിലായി. വന്നു വന്ന് ഏത് ദൃശ്യമാധ്യമ പ്രവർത്തകനെ പോലും വെല്ലുന്ന തരത്തിൽ ചിത്രീകരിച്ച്, എഡിറ്റ് ചെയ്തത് അവനു തന്നെ ലോകത്തിലേക്ക് സംപ്രേഷണം ചെയ്യാവുന്ന രീതിയിലേക്ക് യൂടൂബ് /f b / വാറ്റ് സാപ്പ് തുടങ്ങി സമൂഹമാധ്യമങ്ങളുടെ വരവായി.എന്തും വാർത്തയായി.
പ്രധാനം/അപ്രധാനം എന്ന മതിൽ വിഭജനം തകർന്നു.
മത്സരം കടുത്തതോടെ ആരാദ്യം എന്നതു മാത്രമായി നോട്ടം.
മധ്യവയസ്സു പിന്നിട്ട ഒരു തലമുറ ആദ്യം മുഴുവൻ സമയ കാഴ്ചക്കാരായി. പതിയെ എല്ലാത്തരം പ്രേക്ഷകരും.ഓരോ നിമിഷവും സ്ലോട്ടുകളായി തിരിച്ച് fpc(fixed Point chart ) കളായി വായു സമയം മുറിച്ച് വില്പയ്ക്കു വച്ചു.ടാം മെഷീനും ബാർക് മെഷീനും വിധാതാക്കളായി.ഇത്രയും സമ്മർദ്ദങ്ങൾക്കിടയിലാണ് ഓരോ മാധ്യമ പ്രവർത്തകന്റെയും ഇന്നത്തെ ജീവിതം.മനുഷ്യ ജീവിതത്തിൽ വന്ന സ്വഭാവത്തിൽ വന്ന മാറ്റം വലിയ തോതിൽ ദൃശ്യമാധ്യമങ്ങളേയും സ്വാധീനിക്കും. ഇമോഷണൽ എന്നതിനെ സെൻസേഷണൽ എന്നു മാറ്റി പണിയേണ്ടിവന്നു ദൃശ്യമാധ്യമത്തിന്. അതിെൻറ പരമാവധിയിൽ നില്ക്കുന്നു ഇപ്പോ. ആത്മപരിശോധനയ്ക്ക് പറ്റിയ സമയവും ഇതാണ്.
വാർത്താ രംഗത്ത് പ്രവർത്തിക്കുന്ന ഫോട്ടോ ജേർണലിസ്റ്റ് ആയാലും മറ്റു ക്യാമറന്മാരായാലും filmic truth നാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നറിയാം. അവിടെ മറ്റ് സിനിമ സൗന്ദര്യാനുഭൂതികൾക്ക് വലിയ സാധ്യതകളില്ല എന്നും അറിയാം. പക്ഷേ നിങ്ങൾ പകർത്തുന്ന ദൃശ്യങ്ങൾ അതിന്റെ വിപരീതാർത്ഥത്തിൽ വിനിമയം ചെയ്യുകയോ, വളച്ചൊടിക്കുകയോ ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിച്ചേ പറ്റൂ.കുറ്റാരോപിതനായ നടന്റെ അനുജന്റെ തികച്ചും അപ്രസക്തമായ ന്യായീകരണവും വെല്ലുവിളിയും സ്ക്രീനിൽ കാണിക്കുകയും എഴുതി കാണിക്കുകയും ചെയ്യുന്നതും എന്തിനാണ്. ! അയാൾ സഹോദരനൊപ്പം മാത്രമേ നില്ക്കൂ. അയാൾ തന്നെ സംശയത്തിന്റെ നിഴലിൽ! ലൈവ് കവറേജ് കാഴ്ചക്കൂട്ടത്തെ,
ആരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും പഠിക്കേണ്ട വിഷയമാണ്.2001 ജൂൺ 30 ന് രാത്രി78 കാരനായ കരുണാനിധിയെ പാതിരാത്രി ജയലളിതയുടെ പോലീസ് അറസ്റ്റ് ചെയ്ത ദൃശ്യങ്ങൾ സർക്കാരിനെതിരെ ആയുധമായത് ഓർക്കുക.ക്യാമറയുടെ മൂർച്ച മറ്റാരേക്കാളും അറിയാവുന്ന കലൈഞ്ജർ ആ അറസ്റ്റു നാടകം ഗംഭീരമാക്കി! മുത്തങ്ങ സമരത്തിലായാലുംജിഷ്ണു വിഷയത്തിലായാലും ദൃശ്യങ്ങളുടെ സംസാരശേഷി വാക്കുകൾക്ക് മേൽ ഉഗ്രശേഷി യോടെ നില്ക്കുന്നുണ്ട്.മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയില്ലായ്മ കൊണ്ടോ, ആലോചന കുറവ് കൊണ്ടോ, സമയത്തിനൊപ്പം മത്സരിക്കാനുള്ള പ്രവണത കൊണ്ടോ വാർത്തയിൽ കഴമ്പില്ലാതവരുത്. സെൻസേഷണലിസം പെട്ടെന്ന് തീരും. നാടകീയതയും പെട്ടെന്ന് ചെടിപ്പിക്കും. വസ്തുത, സത്യം എന്നും നിലനില്ക്കും.
ഒരു സ്ത്രീക്ക് നീതി കിട്ടാൻ ഊണും ഉറക്കുമില്ലാതെ അധ്വാനിച്ച റിപ്പോർട്ടർമാരും, ഈ യാന്ത്രിക കണ്ണുമായി കൂടെ നില്ക്കുന്ന ക്യാമറാമാരും അതേ ഉത്സാഹത്തോടെ കൂടെ നില്ക്കുന്ന സഹായികളും ഡ്രൈവർമാരും ഒക്കെ ഒറ്റ അർത്ഥത്തിനാണ് പൊരുതുന്നത് നീതി.നീതിക്കുവേണ്ടി നില്ക്കുമ്പോൾ നിങ്ങൾ കാണുന്ന കാഴ്ചകളും ഉപയോഗിക്കുന്ന വാക്കുകളും നീതിയുടെ പക്ഷത്താണ് എന്ന് ഉറപ്പു വരുത്തുക. അങ്ങനെ അല്ലെങ്കിൽഅടുത്തിടെ കുറ്റകൃത്യത്തെ സമർത്ഥമായി ന്യായീകരിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ടാഗ് ലൈൻ പോലാകും" Visuals can be deceiving ".
സുഹൃത്തുക്കളേ നമ്മൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കേണ്ടിയിരിക്കുന്നു! ഇന്നീ കാണുന്ന വാർത്ത ദൃശ്യഭാഷയ്ക്ക് 'സിനിമ വെറീത്തെ ' ശൈലിയോട് ആണ് കടപ്പാട്. ഡീഗോ വെർത്തോവിന്റെ വാചകങ്ങൾ
പ്രചോദനമാവട്ടെ. (I am an eye.I, the machine , show you a world the way I can see it.I free myself for today and forever from human immobility. I am in constant movement. I approach and pull way from objects. I creep under them.I move alongside a running horse's mouth.I fall and rise with the falling and rising bodies.This is I, the mechine,manoeuvring in the chaotic movements,recording one movement after another in the most complex combinations. Freed from the boundaries of time and space, I coordinate any and all points of the universe, wherever I want them to be.My way leads towards the creation of a fresh perception of the word.Thus I explain in a new way the world unknown to you"
-Dzigo vertov)
അടിക്കുറിപ്പ്:
വാട്സ പ്പിൽ കേട്ടത് മലയാളത്തിലെ ഒട്ടു മിക്ക ചാനലും ദീലീപിനെ കീറി ഒട്ടിക്കുമ്പോൾ......
ഇപ്പോളും ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനത്ത് കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന....
Safari TV ചാനലിന്റെ ... ആ വല്യ മനസ്സ് ഉണ്ടല്ലോ... അത് ആരും കാണാതെ പോകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.