തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകന്‍റെ ചോദ്യം ചെയ്ത പൊലീസ് നടപടി ഫാസിസമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ തടയാൻ പോലീസോ മറ്റ് സംവിധാനങ്ങളോ നടത്തുന്ന ശ്രമിക്കരുതെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാർത്തയുടെ സോഴ്സ് അറിയാൻ അധികാരികൾക്ക് താല്പര്യമുണ്ടാകും. പക്ഷേ അതിനെ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഭരിക്കുന്നവർക്ക് മാധ്യമസ്വാതന്ത്ര്യത്തോടുള്ള നയം വ്യക്തമാക്കേണ്ട സാഹചര്യമാണിത്.
പൊലീസിന്റെ ഈ അതിക്രമത്തെ തടയാൻ സർക്കാർ മുൻകൈയെടുക്കുന്നില്ല. യു.പിയിലും ഗുജറാത്തിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഗുജറാത്തിന്റെയും യു.പിയുടെയും തുടർച്ചയാണോ ഇടതുസർക്കാർ ഭരിക്കുന്ന കേരളം. എന്തിനും ഏതിനും പ്രതികരിക്കുന്ന ചില നേതാക്കൾ ഇതിൽ പ്രതികരിക്കുന്നതേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.യു.ബ്ല്യൂ.ജെ നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിനെ അഭിസംബോധന ചെയ്യകയായിരുന്നു അദ്ദേഹം.
തിരുവനന്തപരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ.യു.ഡബ്ല്യൂ.ജെ നടത്തിയ മാർച്ചിലെ മറ്റ് പ്രതികരണങ്ങൾ:
ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നത് അധികാരികളുടെ വ്യാമോഹം-കെ.പി റെജി
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമാണെന്ന കോടതി പരാമർശങ്ങളുടെ ചൂടാറും മുമ്പാണ് സംസ്ഥാന സർക്കാർ മാധ്യവേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റെജി പറഞ്ഞു. വിവരാവകാശം നിയമത്തിലൂടെ കൊണ്ടുവന്ന രാജ്യത്താണ് വിവരം അറിയാനുള്ള പൗരന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നത്. ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വില്പനയ്ക്ക് അതി ഗുരുതരമായ വിവരമാണ് ലേഖകൻ പുറത്ത് എത്തിച്ചത്.
എങ്ങനെ വാർത്ത പുറത്തുവന്നു എന്ന് കണ്ടുപിടിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലേഖകന്‍റെ വീട്ടിൽ പോലീസ് എത്തി വിവരങ്ങൾ തേടിയിരുന്നു. പിന്നീടാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. മാത്രമല്ലാ ഹാജരാക്കാൻ നിർദേശം നൽകിയ തിയതിയുടെ തലേന്നാണ് വിവരങ്ങൾ തേടി ചീഫ് എഡിറ്റർക്ക് നോട്ടീസ് നൽകിയത്.
അധികാരികളുടെ ഇടനാഴികളിൽ നടക്കുന്നത് പുറത്തുവരുന്നത് മാധ്യമങ്ങളിലൂടെയാണ്. അതുവഴിയാണ് പൗരസമൂഹം വിവരമറിയുന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നത് അധികാരികളുടെ വ്യാമോഹമാണ്. ഈ പ്രവണത അനുവദിക്കില്ല. ഇത് അനിരു അശോകന്‍റെയോ മാധ്യമം ദിനപത്രത്തിന്റെയോ പ്രശ്നമല്ല. കേരളത്തിലെ ഓരോ മാധ്യമപ്രവർത്തകന്റെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
നടക്കുന്നത് വാർത്തകൾ തടയാനുള്ള നീക്കം-ഷില്ലർ സ്റ്റീഫൻ
തിരുവനന്തപരം: എഴുതുന്ന വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ കേസെടുക്കുന്ന സ്ഥിതിയാണെങ്കിൽ മാധ്യമപ്രവർത്തനത്തിന് ഇല്ലാതാവുകയാണ് ചെയ്യുകയെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫൻ പറഞ്ഞു. വാർത്തകൾക്കായി വകുപ്പുകളിൽ നിന്ന് വിവരങ്ങൾ കിട്ടുക സ്വാഭാവികമാണ്. പത്രപ്രവർത്തനം തുടങ്ങിയത് മുതലുള്ള രീതി ഇതാണ്. എത്രയോ എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ ഇത്തരത്തിൽ പുറത്തുവന്നിട്ടുണ്ട്.
ജോലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരെ ബാധിക്കുന്ന വിഷയമാണ് ലേഖകൻ പുറത്തെത്തിച്ചത്. എന്നാൽ ഇതിന്‍റെ പേരിൽ മണിക്കൂറുകളോളമാണ് ലേഖകനെ ചോദ്യം ചെയ്തത്. ആരാണ് ഈ വാർത്ത തന്നത് എന്ന് വെളിപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത് തടയാനുള്ള നീക്കമാണ് കേസുകളെന്നും ഷില്ലർ സ്റ്റീഫൻ കൂട്ടിച്ചേർത്തു.
പൊലീസ് നടപടി സമാന്യയുക്തിക്ക് നിരക്കാത്തത്-ആർ.കിരൺ ബാബു
തിരുവനന്തപുരം: സാമാന്യതിക്ക് ഒരിക്കലും യോജിക്കാത്ത തരത്തിലാണ് പോലീസ് പെരുമാറുന്നതെന്ന് പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്‍റ് ആർ.കിരൺ ബാബു പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യമില്ലാത്ത സമൂഹത്തിൽ ജനാധിപത്യം നിലനിൽക്കില്ല.മാധ്യമ സ്വതന്ത്രനേരമുള്ള കടന്നുകയറ്റം ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
സോഴ്സ് രേഖാമൂലം ആവശ്യപ്പെട്ട പൊലീസുകാരൻ ഇപ്പോഴും സർവീസ് തുടർന്നുവെങ്കിൽ ഈ ജനാധിപത്യത്തിലും സംവിധാനത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനും അടിസ്ഥാന ജനാധിപത്യ അവകാശത്തിനും എതിരെയുള്ള കടന്നുകയറ്റമാണ്. പോലീസുകാർക്കെതിരെ ഉചിതമായ ശിക്ഷ നടപടി ഉണ്ടാകണം. തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തയെഴുത്തിൽ കൈകടത്തരുത്-സി.ശിവൻകുട്ടി
തിരുവനന്തപുരം: വാർത്ത എഴുതുക എന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഇതിൽ കൈ കടത്താനോ തടസപ്പെടുത്താനോ ആരെയും അനുവദിക്കാനാകില്ലെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ശിവൻകുട്ടി പറഞ്ഞു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നടക്കുന്നതാണ് ഗൗരവതരം. മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായി അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.