കൊച്ചി: കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏർപ്പെടുത്തിയിരുന്ന വിലക്കിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ എം.എൽ.എ. കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ഡൽഹിയിൽ വലിയ കലാപം അഴിച്ചു വിട്ട തീവ്രവാദികളെ ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നു എന്നതാണ് ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണും ചെയ്ത കുറ്റം. മീഡിയ വണിന് നൽകിയിരിക്കുന്ന നോട്ടീസിൽ ആർ. എസ്.എസിനെ വിമർശിച്ചു എന്നതാണ് ഒരു കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്ന് മുതലാണ് ആർ.എസ്.എസിനെ വിമർശിക്കുന്നത് ഒരു അപരാധമായി മാറിയെന്നും വി.ഡി സതീശൻ തെൻറ ഫേസ് ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
വി.ഡി സതീശൻ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം:
ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റിനും മീഡിയ വണിനും എതിരായ കേന്ദ്ര സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം തങ്ങൾക്കെതിരായ വിമർശനം ഉന്നയിക്കുന്ന വ്യക്തികൾക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതാണ് ഫാസിസ്റ്റ് നയം.
പണത്തിന്റെയും, അധികാരത്തിന്റെയും എല്ലാം സമ്മർദ്ദത്തിൽ അവരെ വരുതിയിലാക്കുവാനുള്ള ശ്രമം ഒന്നാം മോദി സർക്കാരിന്റെ കാലത്തു തന്നെ തുടങ്ങിയതാണ്. വഴങ്ങാത്തവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കുവാൻ ശ്രമിക്കും. അതിനും വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നാല്പതോളം മാധ്യമപ്രവർത്തകരെയാണ് നമ്മുടെ രാജ്യത്ത് കൊലപ്പെടുത്തിയത്.
ഡൽഹിയിൽ വലിയ കലാപം അഴിച്ചു വിട്ട തീവ്രവാദികളെ ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നു എന്നതാണ് ഏഷ്യാനെറ്റും, മീഡിയ വണും ചെയ്ത കുറ്റം. മീഡിയ വണിന് നൽകിയിരിക്കുന്ന നോട്ടീസിൽ ആർ. എസ്.എസിനെ വിമർശിച്ചു എന്നതാണ് ഒരു കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്ന് മുതലാണ് ആർ.എസ്.എസിനെ വിമർശിക്കുന്നത് ഒരു അപരാധമായി മാറിയത്. ഇരുണ്ടകാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പേര് കേട്ട നമ്മുടെ നാട് ഇന്ന് അരാജകത്വത്തിന്റെയും ഏകാധിപത്യത്തിന്റെയും നാടായി മാറുന്നു. ഇതിനെ ചെറുത്തു തോൽപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.