പത്തനംതിട്ട: പൊലീസ് നിര്‍ദേശപ്രകാരം രാത്രി പൊലീസ് സ്റ്റേഷനിലേക്കു പോയ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടസംഘം വളഞ്ഞിട്ടു മര്‍ദിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ പ്രസ്ക്ലബ് പ്രസിഡൻറടക്കമുള്ളവര്ക്കു നേരെ പൊലീസിെൻറ അസഭ്യവർഷവും കൈയേറ്റശ്രമവും. മീഡിയവൺ ചാനൽ ജില്ല റിപ്പോര്‍ട്ടർ പ്രേംലാൽ പ്രബുദ്ധനെയാണ് കഴിഞ്ഞരാത്രി ഒരുസംഘം മര്‍ദിച്ചത്. മീഡിയവൺ ഓഫിസിന് സമീപം പാര്‍ക്കു ചെയ്ത കാറിെൻറ കാറ്റ് അഴിച്ചുവിടുകയും കേടുവരുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിെൻറ ആവശ്യപ്രകാരമാണ് പ്രേംലാൽ സ്റ്റേഷനിലേക്കു പുറപ്പെട്ടത്.
എന്നാൽ വഴിയിൽ ഒരുസംഘം തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുണ്ടാക്കിയത് പ്രേംലാലാണെന്ന് ആരോപിച്ചായിരുന്നു ഇത്. സ്റ്റേഷനിലെത്തിയപ്പോള്‍ മഫ്തിയിലായിരുന്ന പൊലീസുകാരിൽ ചിലർ ഇദ്ദേഹത്തെ പ്രതിയാക്കാനും ശ്രമിച്ചു. അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. മദ്യലഹരിയിലാണെന്നാരോപിച്ച് എട്ടുതവണ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. സംഭവം അറിഞ്ഞു സ്റ്റേഷനിലെത്തിയ പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാമിനെയും പൊലീസ് അസഭ്യം പറഞ്ഞു. ഇദ്ദേഹം എത്തിയ കാറിെൻറ ചില്ലുകൾ തല്ലിപ്പൊട്ടിക്കാനും ശ്രമിച്ചു.
പത്തനംതിട്ട എസ്.ഐ യു. ബിജുവും മഫ്തിയിലായിരുന്ന പൊലീസുകാരും ചേര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇതുസംബന്ധിച്ച് പ്രേംലാലും ബോബിയും പൊലീസിൽ പരാതി നല്കി. പരിക്കേറ്റ പ്രേംലാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേരള പത്രപ്രവര്‍ത്തക യൂനിയെൻറയും പത്തനംതിട്ട പ്രസ്ക്ലബിെൻറയും നേതൃത്വത്തിൽ നടന്ന യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.