മീഡിയവൺ വിലക്ക്: വിധി നാളെ

കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ജനുവരി 31ന് സംപ്രേഷണാനുമതി റദ്ദാക്കി കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ മീഡിയവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ്​ ലിമിറ്റഡ് നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ എൻ. നഗരേഷിന്‍റെ പരിഗണനയിലുള്ളത്​. കേസിൽ തിങ്കളാഴ്ചയും വാദം തുടർന്ന കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കാനും വിധി പറയാനുമായി മാറ്റി. തിങ്കളാഴ്ച വരെ ചാനലിന്​ അനുവദിച്ച പ്രവർത്തനാനുമതി ഒരു ദിവസത്തേക്കുകൂടി നീട്ടി.

തിങ്കളാഴ്ച കേസ്​ പരിഗണിക്കവേ കേന്ദ്രസർക്കാർ സമർപ്പിക്കുമെന്ന്​ വ്യക്തമാക്കിയ രേഖകളുടെ പകർപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ മീഡിയവൺ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചാനലിനെതിരായ സുരക്ഷപ്രശ്നം എന്താണെന്ന്​ മനസ്സിലാക്കാൻ രേഖകൾ ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. രേഖകൾ തനിക്ക്​ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവർത്തനാനുമതിയുടെ 10​ വർഷ കാലാവധി കഴിയുംമുമ്പേ പുതുക്കാൻ നൽകിയ അപേക്ഷക്ക്​ ഒരുമറുപടിയും സർക്കാറിൽനിന്ന്​ ലഭിച്ചില്ലെന്ന്​ അഭിഭാഷകൻ പറഞ്ഞു. മുമ്പും ഈ ചാനലി​ന്​ സുരക്ഷ ക്ലിയറൻസ്​ നിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന്​ തങ്ങൾക്ക്​ ലഭിച്ച കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​. എന്നാൽ, മീഡിയ ലൈഫ്​ എന്ന മറ്റൊരു ചാനലിനാണ്​ സുരക്ഷ ക്ലിയറൻസ്​ നിഷേധിക്കപ്പെട്ടത്​.

10​ വർഷ​ത്തെ പ്രവർത്തനാനുമതിയോടെ തുടർന്ന മീഡിയവൺ ചാനലിന്​ ക്ലിയറൻസ്​ ഒരിക്കലും നിഷേധിക്കപ്പെട്ടിട്ടില്ല. അതിനാൽ, കാരണം കാണിക്കൽ നോട്ടീസിലെ പരാമർശം തെറ്റാണ്​. അനുമതി നൽകുമ്പോഴുള്ള ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനം അനുമതി കാലയളവിൽ ഉണ്ടായിട്ടില്ല. സ്വകാര്യതക്കുള്ള അവകാശം പോലെതന്നെയാണ്​ അറിയാനും അറിയിക്കാനുമുള്ള ഭരണഘടന അവകാശമെന്ന​ പെഗസസ്​ കേസിലെ കോടതി ഇടപെടൽ വീണ്ടും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. സുരക്ഷ ക്ലിയറൻസ്​ എന്തിന്, എപ്പോൾ നിഷേധിക്കപ്പെട്ടുവെന്ന്​ അറിയാൻ ഹരജിക്കാർക്ക്​ അവകാശമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്​ ദേശസുരക്ഷയുടെയും മറ്റും പേരിൽ നിയന്ത്രണമാകാമെങ്കിലും അതിന്​ നിയമത്തിന്‍റെ ശക്തമായ പിൻബലമുണ്ടാകണമെന്ന്​ കേരള യൂനിയൻ ഓഫ്​ വർക്കിങ്​​ ജേണലിസ്റ്റും മീഡിയവൺ ജീവനക്കാരും നൽകിയ ഹരജിയിൽ ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 10​ വർഷ​ത്തെ പ്രവർത്തനാനുമതി പൂർത്തിയാക്കി പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചാനലിന്‍റെ അനുമതി നിയമപരമായ മാനദണ്ഡങ്ങളെ മുഴുവൻ മറികടന്ന്​ റദ്ദാക്കിയ നടപടി തികച്ചും നിയമവിരുദ്ധമാണ്​.

നിയമത്തിന്‍റെ പിന്തുണയില്ലാതെയാണ്​ ഈ നടപടി​. അനുമതി നൽകുമ്പോൾ ആവശ്യമായ മാർഗരേഖകളെല്ലാം ലൈസൻസ്​ പുതു​ക്കുമ്പോഴും ബാധകമാണെന്ന വാദം​ കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ ആവർത്തിച്ചു. മാർഗരേഖകളെ നേരത്തേ ആരും കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല. നേരത്തേ അനുമതി നൽകിയാലും കാലാകാലമുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ച്​ സുരക്ഷ വിലയിരുത്തലുകൾ നടക്കുന്നുണ്ട്​. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി ലഭിച്ച ഒട്ടേറെ ചാനലുകളുടെ അനുമതി നിഷേധിച്ചിട്ടുള്ളതായും എ.എസ്​.ജി വ്യക്തമാക്കി.

അടുത്ത കാലത്ത്​ ഏതെങ്കിലും ചാനലിന്‍റെ​ അനുമതി റദ്ദാക്കിയിട്ടുണ്ടോയെന്ന്​ കോടതി ആരാഞ്ഞു. അടുത്തിടെ ഉണ്ടായിട്ടില്ലെന്ന്​ എ.എസ്​.ജി മറുപടിയും നൽകി. കമ്പനിയും സർക്കാറും തമ്മിലെ തർക്കമായതിനാൽ ചാനൽ ജീവനക്കാർക്കും ​സംഘടനക്കും ഈ വിഷയത്തിൽ ഹരജി നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ​സർക്കാർ നടപടി മൂലം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാരും അവരുടെ സംഘടനയും​ കക്ഷിചേരുന്നതിൽ തെറ്റെന്താണെന്ന്​ കോടതി ചോദിച്ചു. പെഗസസിലെ കോടതി നിരീക്ഷണം എല്ലാ കേസിലും ഒരുപോലെ ബാധകമാവില്ലെന്നും അതിൽനിന്ന്​ വ്യത്യസ്ത കേസാണിതെന്നും എ.എസ്​.ജി വാദിച്ചു. തുടർന്ന്​ കേസ്​ ചൊവ്വാഴ്ച രാവിലെ പരിഗണിച്ച്​ വിധി പറയാൻ മാറ്റുന്നതായി കോടതി അറിയിക്കുകയായിരുന്നു.

Tags:    
News Summary - MediaOne ban: Judgment tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.