കൊച്ചി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശ നടപടികള്‍ ജെയിംസ് കമ്മിറ്റി നടത്തണമെന്ന് ഹൈകോടതി. പ്രവേശ നടപടികളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ലംഘിച്ചതായി കണ്ടത്തെിയാണ് പ്രവേശന നടപടികളില്‍ ജെയിംസ് കമ്മിറ്റിയുടെ ഇടപെടലിന് ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. പ്രവേശ മേല്‍നോട്ട സമിതി, പ്രവേശന പരീക്ഷാ കമീഷണര്‍, കോടതികള്‍ എന്നിവയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയും കോടതിയുടേതുള്‍പ്പെടെ വിലപ്പെട്ട സമയം പാഴാക്കുകയും ചെയ്തതിന് രണ്ട് കോളജുകളുടെയും മാനേജ്മെന്‍റുകള്‍ ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവ് നല്‍കാനും ഉത്തരവിട്ടു.
സംസ്ഥാന മീഡിയേഷന്‍ സെന്‍റര്‍ മുമ്പാകെ ഈ തുക ഒരു മാസത്തിനകം കെട്ടിവെക്കണം. രണ്ട് കോളജുകളിലെയും അപേക്ഷകരുടെ നീറ്റ് റാങ്ക് പരിശോധിച്ച് പ്രവേശം നടത്തണമെന്ന് ഒക്ടോബര്‍ ആറിലെ ഇടക്കാല ഉത്തരവ് ഹൈകോടതി സ്ഥിരപ്പെടുത്തി. മാനേജ്മെന്‍റ് ക്വോട്ടയില്‍ ട്രസ്റ്റിന്‍െറ ആശ്രിതര്‍ക്കായി സീറ്റുകള്‍ നീക്കിവെച്ചത് റദ്ദാക്കിയ ജെയിംസ് കമ്മിറ്റിയുടെ നടപടി ശരിവെച്ചിട്ടുമുണ്ട്. കോളജുകളിലെ പ്രവേശ നടപടികള്‍ പൂര്‍ണമായും ജെയിംസ് കമ്മിറ്റി പരിശോധിക്കണം.
പ്രവേശത്തിന് ഓണ്‍ലൈനായും അല്ലാതെയും ലഭിച്ച അപേക്ഷകളും മാനേജ്മെന്‍റ് ഒഴിവാക്കിയ അപേക്ഷകളും പരിശോധിക്കണം. മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ വിശദാംശങ്ങളും രേഖകളും മാനേജ്മെന്‍റുകള്‍ ഒക്ടോബര്‍ 31ന് രാവിലെ 10ന് മുമ്പ് ജെയിംസ് കമ്മിറ്റി മുമ്പാകെ ഹാജരാക്കണം. രേഖകള്‍ സൂക്ഷ്മ പരിശോധന നടത്തി നീറ്റ് റാങ്കിന്‍െറ അടിസ്ഥാനത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കണം.
കോളജുകളുടെ വാദവും കൂടി കേട്ടിട്ട് വേണം അന്തിമ നടപടികള്‍ സ്വീകരിക്കാന്‍. ഫീസ് ഘടന തീരുമാനമെടുക്കാന്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ രണ്ടാഴ്ചക്കുള്ളില്‍ കമ്മിറ്റിക്ക് കൈമാറണം. മൂന്ന് മാസത്തിനകം വാര്‍ഷിക ഫീസ് നിശ്ചയിക്കണം. കമ്മിറ്റി നിശ്ചയിക്കുന്ന തുക കോളജുകള്‍ ഈടാക്കിയ ഫീസിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക കുട്ടികള്‍ക്ക് തിരികെ നല്‍കുകയോ വരും വര്‍ഷങ്ങളിലെ ഫീസിനത്തില്‍ ഇളവുവരുത്തുകയോ വേണം. അടുത്ത വര്‍ഷം മുതല്‍ പ്രവേശനം സംബന്ധിച്ച് പ്രോസ്പെക്ടസുകളിലുള്ള വിശദാംശങ്ങള്‍ കമ്മിറ്റിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവേശ നടപടികള്‍ 31ന് ശേഷം തീരുമാനിക്കും
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശ നടപടികള്‍ ഈമാസം 31ന് ശേഷം തീരുമാനിക്കുമെന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി. ഇരുകോളജിലെയും പ്രവേശ നടപടികള്‍ ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തിലാണിത്. കോളജുകള്‍ നേരത്തേ നടത്തിയ പ്രവേശ രേഖകള്‍ മുഴുവന്‍ 31ന് രാവിലെ 10ന് മുമ്പ് ജയിംസ് കമ്മിറ്റി മുമ്പാകെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷമേ പ്രവേശ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂവെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ജെ.എം. ജയിംസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ ഉത്തരവുകളും ജയിംസ് കമ്മിറ്റി നിര്‍ദേശവും തുടരെ ലംഘിച്ച് പ്രവേശ നടപടികളുമായി മുന്നോട്ടുപോയ കണ്ണൂര്‍, കരുണ കോളജുകള്‍ക്ക് ഹൈകോടതിയില്‍നിന്ന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഇരുകോളജിലെയും പ്രവേശ നടപടികളില്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് ജയിംസ് കമ്മിറ്റി പ്രവേശം റദ്ദ് ചെയത് പരീക്ഷാ കമീഷണറോട് നീറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കോളജുകള്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും പ്രവേശ പരീക്ഷാ കമീഷണറുടെ സ്പോട്ട് അഡ്മിഷന് പ്രവേശ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
കണ്ണൂര്‍ കോളജ് പൂര്‍ണമായും നിസ്സഹകരിച്ചപ്പോള്‍ കരുണ കോളജിന്‍െറ പ്രവേശത്തില്‍ ക്രമക്കേട് കണ്ടത്തെുകയും 30 പേരുടെ പ്രവേശം റദ്ദ് ചെയ്യുകയും പകരം 30 പേര്‍ക്ക് പ്രവേശം നല്‍കുകയും ചെയ്തു. കോളജുകളുടെ നടപടി സംബന്ധിച്ച് പ്രവേശ പരീക്ഷാ കമീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.